തൊടുപുഴ: ക്വാറി ഉൽപന്നങ്ങളുടെ വില വർധന കെട്ടിടനിർമാണ മേഖലയിൽ പ്രതിസന്ധിക്കിടയാക്കുന്നു. ക്വാറി-ക്രഷർ തുടങ്ങിയവയിൽനിന്നുള്ള ഉൽപന്നങ്ങളുടെ റോയൽറ്റി വർധിപ്പിച്ചതിനെ തുടർന്നാണ് കരിങ്കൽ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ ക്രഷർ-ക്വാറി ഉടമകൾ തീരുമാനിച്ചത്. പുഴമണലിന് ലഭ്യത കുറവായതിനാൽ കെട്ടിട നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പാറമണലിനും മെറ്റലിനുമാണ് വില കൂടുന്നത്. മെറ്റൽ-38, എം.സാൻഡ്-50, പി.സാൻഡ്-53 എന്നിങ്ങനെയായിരുന്നു പഴയ വില. ഇവക്ക് യഥാക്രമം മെറ്റൽ-48, എം.സാൻഡ്-55, പി.സാൻഡ്-65 എന്നിങ്ങനെയാണ് വില ഉയർത്തുന്നത്. ഒപ്പം ജി.എസ്.ടികൂടി ഉണ്ടാകും. ഇതോടെ കെട്ടിടനിർമാണ മേഖലയിലും റോഡ്, പാലം ഉൾപ്പെടെയുള്ള മരാമത്ത് ജോലികളിലും ചെലവേറും.
ലൈഫ് പദ്ധതിയടക്കമുള്ള നിർമാണങ്ങളെയും വിലവർധന സാരമായി ബാധിക്കും. നിലവിൽ അനുവദിച്ച തുക വെച്ച് പല പദ്ധതികൾക്കും നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം വരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർത്തിയാക്കാനുള്ള നിർമാണങ്ങളും കരാറുകാർക്ക് വെല്ലുവിളിയാകും. പഴയ തുകയിലാണ് പല ജോലികളുടെയും കരാർ. ജോലികൾ പലയിടത്തും 30ഉം 40ഉം ശതമാനം വരെ പൂർത്തിയാക്കാനുണ്ട്. പാറപ്പൊടിയിലും മെറ്റലിലുമൊക്കെ വരുന്ന വ്യത്യാസം നിർമാണ പ്രവർത്തനങ്ങളെ ഒന്നടങ്കം ബാധിക്കുമെന്ന് കരാറുകാരും ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിർമാണ പെർമിറ്റ് കുത്തനെ കൂട്ടിയതും നിർമാണ മേഖലക്ക് തിരിച്ചടിയാണ്.
കെട്ടിട നിർമാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അപേക്ഷ ഫീസ് 30ൽനിന്ന് പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാണ്. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് കെട്ടിട നിര്‍മാണ ഉൽപന്നങ്ങള്ക്ക് വലിയ തോതില്‍ വില കൂടിയത്. ഇതിൽനിന്നു കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല.
375-400 രൂപ നിരക്കിലാണ് ഒരു പാക്കറ്റ് സിമന്റിന്റെ വില. കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന കമ്പിക്കും പൈപ്പിനും വില കൂടി. കോവിഡിനു മുമ്പ് ഒരു കിലോ കമ്പിക്ക് 52 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 69 ആയി ഉയര്‍ന്നു. പൈപ്പിന് 62 രൂപയായിരുന്നത് 80ന് മേലെയായി. പി.വി.സി പൈപ്പിന്റെ വിലയില്‍ വൻ വര്‍ധനയാണ് ഉണ്ടായത്. വില കുതിക്കുന്ന സാഹചര്യത്തിൽ വീട് നിർമാണത്തിന് ഏറെ ചെലവേറുമെന്ന് ഉറപ്പായിട്ടുണ്ട്.
തൊടുപുഴ: മേഖലയിൽ ഒരു മാനദണ്ഡവുമില്ലാതെ ക്രഷർ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ താലൂക്കിലെ നൂറോളം പേവിങ് ടൈൽ, സിമന്റ് കട്ട നിർമാണ കമ്പനികൾ മറ്റ് സിമന്റ് അധിഷ്ഠിത നിർമാണ ഫാക്ടറികൾ എന്നിവ സമരത്തിനൊരുങ്ങുന്നു. മറ്റ് പല ജില്ലകളിലും ഒരു ക്യുബിക് അടിക്ക് ഇപ്പോഴും 30 രൂപക്ക് ക്രഷർ ഉൽപന്നങ്ങൾ ലഭിക്കുമ്പോൾ ഇവിടത്തെ വില 40 രൂപയായിരുന്നു. ഈ വിലയാണ് 48ഉം ജി.എസ്.ടിയും കൂട്ടിച്ചേർത്ത് ക്രഷർ ഉടമകൾ വർധിപ്പിച്ചതെന്ന് സിമാക് (സിമന്റ്, ബ്രിക്സ് ആൻഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ) തൊടുപുഴ താലൂക്ക് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 12ന് തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. മൂന്നുദിവസത്തേക്ക് ഫാക്ടറികൾ പൂട്ടി പ്രതിഷേധിക്കുമെന്നും ഇവർ പറഞ്ഞു.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, എ.എം. ഹാരിദ് (സിമാക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), പി.ആർ. റിജു, സുലൈമാൻ ഒറ്റിത്തോട്ടത്തിൽ, ഷിഹാബ് മുന്ന, ജെയ്സൺ, ഷംസ് മരവെട്ടിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.