തൊടുപുഴ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്തേക്ക്. ജനുവരി ഒന്നിന് 57 കോവിഡ് കേസുകളും ടി.പി.ആര് 4.07ഉം ആയിരുന്നുവെങ്കിൽ ഇപ്പോള്‍ 969 കോവിഡ് കേസുകളാണ് ജില്ലയിൽ. ടി.പി.ആര് 36.58 ലേക്കും ഉയർന്നു. ഇനിയും കേവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ആരില്‍നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഡി.എം.ഒ പറഞ്ഞു.
എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കണം
പൊതുസ്ഥലങ്ങളില്‍ ശരിയായവിധം എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കണം. പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രമേ നടത്താവൂ. ആളുകളെ പരമാവധി കുറക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫിസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. പൊതുയിടങ്ങളില്‍ ഒരുകാരണവശാലും മാസ്ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
15ല്‍ താഴെ ടി.പി.ആർ നാല് പഞ്ചായത്തിൽ മാത്രം
ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ മാത്രമാണ് ടി.പി.ആര് 15ല്‍ താഴെയുള്ളത്. ബാക്കി പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ടി.പി.ആര് ഉയര്‍ന്ന നിരക്കിലാണ്. പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും അധികമാകും. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടേതാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
969 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 36.58 ശതമാനം
തൊടുപുഴ: ജില്ലയില്‍ 969 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 36.58 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 283പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44),
തൊടുപുഴ മുതലക്കോടം സ്വദേശി (33), തൊടുപുഴ കോലാനി സ്വദേശിനി (45), തൊടുപുഴ ഈസ്റ്റ് സ്വദേശിനി (44), വണ്ണപ്പുറം കാളിയാർ സ്വദേശിനി (54), വണ്ണപ്പുറം കാളിയാർ സ്വദേശി (40), കാഞ്ചിയാർ സ്വദേശിനി (68), കട്ടപ്പന വെള്ളയാംകുടി സ്വദേശി (44), കട്ടപ്പന ഇടുക്കി കവല സ്വദേശിനി (51) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാകാത്തത്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
തൊടുപുഴ -115, അടിമാലി -88, ആലക്കോട്- 5, അറക്കുളം- 24, അയ്യപ്പൻകോവിൽ- 4, ബൈസൺവാലി- 9, ചക്കുപള്ളം -30, ചിന്നക്കനാൽ- 3, ദേവികുളം- 4, ഇടവെട്ടി -19, ഏലപ്പാറ -5, ഇരട്ടയാർ -14, കഞ്ഞിക്കുഴി -20, കാമാക്ഷി -11, കാഞ്ചിയാർ -18, കാന്തല്ലൂർ- 4, കരിമണ്ണൂർ- 28,കരിങ്കുന്നം 23, കരുണാപുരം- 17, കട്ടപ്പന -43, കോടിക്കുളം- 12, കൊക്കയാർ- 5, കൊന്നത്തടി -15, കുടയത്തൂർ -11, കുമാരമംഗലം- 21, കുമളി -26, മണക്കാട്- 21, മാങ്കുളം- 4, മറയൂർ -3, മരിയാപുരം- 2, മൂന്നാർ -14, മുട്ടം -14, നെടുങ്കണ്ടം -54, പള്ളിവാസൽ -52, പാമ്പാടുംപാറ- 17, പീരുമേട് -6, പെരുവന്താനം -20, പുറപ്പുഴ -13, രാജാക്കാട് -9, രാജകുമാരി- 7, ശാന്തൻപാറ- 1, സേനാപതി -4, ഉടുമ്പൻചോല -8, ഉടുമ്പന്നൂർ- 14, ഉപ്പുതറ -2, വണ്ടന്മേട് -21, വണ്ടിപ്പെരിയാർ -3, വണ്ണപ്പുറം -17, വാത്തിക്കുടി -29, വാഴത്തോപ്പ് -6, വെള്ളത്തൂവൽ -42, വെള്ളിയാമറ്റം -12.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ
തൊടുപുഴ: ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു.
നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ 2021ലെ കേരള സാംക്രമിക ആക്ട് പ്രകാരവും 2005 ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടി സ്വീകരിക്കുന്നതിനും ജില്ല പൊലീസ് മേധാവി, സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം), ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ പറഞ്ഞു.
നിരോധനങ്ങളും നിയന്ത്രണങ്ങളും
ജില്ലയിലെ എല്ലാത്തരം മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു.
ഇടുക്കി ഡാമുൾപ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും സമയം പരമാവധി 50പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.
വിവാഹം, മരണാനന്തര ചടങ്ങുകൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് പരമാവധി 50പേർ മാത്രം പങ്കെടുക്കുന്നതിന് അനുവാദം നൽകൂ. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.
യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം. ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് വലിയ കടകൾ എന്നിവിടങ്ങളിൽ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന ക്രമമാക്കണം.
ജില്ലയിലെ ഹോട്ടലുകളിൽ ഉൾപ്പെടെ ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം 50 ശതമാനം സീറ്റുകളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളൂ. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.