തൊടുപുഴ: മൂന്നാറിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് സജ്ജം. വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിങ് നടത്തിയ ബസ് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും പുതിയ സംരംഭമായ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവിസ്.
തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഓപൺ ഡബിൾ ഡക്കർ സർവിസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ഈ പുതുവത്സര സമ്മാനം. ഏപ്രിലിൽ ബസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു. ഈമാസം രണ്ടാം വാരത്തോടെ മൂന്നാറിൽ സർവിസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി തയാറെടുക്കുന്നത്.
ബസിന്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ് പാനലുകൾ സഞ്ചാരികൾക്ക് തേയിലത്തോട്ടങ്ങളുടെയും കോടമഞ്ഞിന്റെയും മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കാൻ സഹായകമാവും. ബസിലെ രാത്രി യാത്രകൾ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി 50 സഞ്ചാരികൾക്ക് ഒരുസമയം യാത്ര ചെയ്യാം. ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്. മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസിലുണ്ട്. യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ്ങിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്.
ബസിന്റെ മനോഹരമായ രൂപകൽപനയും സംവിധാനങ്ങളും ഫോട്ടോഷൂട്ട് അടക്കമുള്ള അനന്തസാധ്യതകൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.