വ​ന​ത്തി​ൽ​നി​ന്ന് ഈ​റ്റ ശേ​ഖ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി

ഈറ്റ ശേഖരണം വിലക്കി വനംവകുപ്പ്; തൊഴിലാളികൾ പ്രതിസന്ധിയിൽ

അടിമാലി: ആക്രമണകാരികളായ വന്യജീവികളുടെ സാന്നിധ്യം വർധിച്ചെന്ന് ചൂണ്ടിക്കാട്ടി ഈറ്റ ശേഖരണത്തിന് വനം വകുപ്പിന്‍റെ അപ്രഖ്യാപിത വിലക്ക്.ഈറ്റ വെട്ടാൻ ലൈസൻസ് നൽകാത്തതിനാൽ സെപ്റ്റംബറിൽ തുടങ്ങേണ്ട ഈറ്റ ശേഖരണം ഡിസംബർ കഴിയാറായിട്ടും എങ്ങുമെത്തിയില്ല. ഇതോടെ, ഈറ്റത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലായി. എച്ച്.എൻ.എൽ ഈറ്റ ഒഴിവാക്കിയെങ്കിലും ബാംബു കോര്‍പറേഷൻ ഈറ്റ ശേഖരിച്ചിരുന്നു.

നേര്യമംഗലം, അടിമാലി, മാങ്കുളം, ആനകുളം, പൂയംകുട്ടി റേഞ്ച് പരിധികളാണ് സംസ്ഥാനത്തെ പ്രധാന ഈറ്റ ശേഖരണ കേന്ദ്രങ്ങൾ. നേരത്തെ വർഷം മുഴുവൻ ഈറ്റ ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ മൂന്നോ നാലോ മാസത്തില്‍ ഒതുങ്ങുകയാണ്. ഇതാകട്ടെ, കര്‍ശന നിയന്ത്രണങ്ങളോടെയും.

ബാംബു കോര്‍പറേഷന്‍ പ്രധാനമായും നെയ്ത്ത് ഉൽപാദനത്തിനാണ് ഈറ്റ ശേഖരിക്കുന്നത്. തൊഴിലിനാവശ്യമായ ഈറ്റ ലഭിക്കാത്തതിനാൽ എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം ഈറ്റ, നെയ്ത്ത് തൊഴിലാളികൾക്കും തൊഴിലില്ലാത്ത സ്ഥിതിയാണ്. ഇപ്പോള്‍ പേരിന് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്.

പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങിയ ഈറ്റ ഉൽപന്നങ്ങല്‍ കൊണ്ട് ഉപജീവനമാർഗം കണ്ടെത്തിയ പലരും ഈ മേഖല പൂര്‍ണമായി ഉപേക്ഷിച്ചു.വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലകളില്‍ തമിഴ് വംശജര്‍ മാത്രമാണ് ഇപ്പോൾ ഈറ്റ കൊണ്ട് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. ഇവര്‍ക്കും ഈറ്റ ലഭ്യമാകാത്ത സാഹചര്യമാണ്.നേരത്തെ ബാംബു കോർപറേഷന്‍ ജില്ലയിലെ ഡിപ്പോ, സബ് ഡിപ്പോകള്‍ വഴി ആവശ്യത്തിന് ഈറ്റ പരമ്പാഗത നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇവരും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല.

മാങ്കുളം, ആനകുളം മേഖലകളില്‍ ഈറ്റ വെട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ആദിവാസികളടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലാണ്. നേര്യമംഗലം, കമ്പിലൈന്‍, വാളറ, പടിക്കപ്പ്കുടി, കുറത്തിക്കുടി, അഞ്ചാംമൈല്‍, പഴമ്പിള്ളിച്ചാല്‍, എളംബ്ലാശ്ശേരി, ആനക്കുളം, താളുംങ്കണ്ടം, സേവരുകുടി പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഈ മേഖലയിലെ തൊഴിലാളികള്‍.

Tags:    
News Summary - Forest department bans cane collection; Workers are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.