തൊടുപുഴ: എല്ലാ ദിവസവും ഇന്ധനവിലയിലുണ്ടാകുന്ന വർധനയിൽ ഞെട്ടിയിരിക്കുകയാണ് ജനം. പെട്രോളിനൊപ്പം ഡീസലിനും പാചകവാതകത്തിനുമെല്ലാം വില ഉയരുന്നു. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന വിലക്കയറ്റം എരിതീയിൽനിന്ന് വറചട്ടിയിലേക്ക് വീണ സ്ഥിതിയാണ് ഉണ്ടാക്കുന്നത്. ഇന്ധന വിലക്കയറ്റം മലയോര ജില്ലയിലെ ജനജീവിതത്തെയും സാരമായി ബാധിച്ചു. വിദൂര മേഖലകളിൽ ഇന്ധനവിലക്കയറ്റത്തിെൻറ മറവിൽ അവശ്യവസ്തുക്കളുടെ വില കുതിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ അടിക്കടിയുള്ള ഇന്ധനവില വർധന ടാക്സി, സ്വകാര്യ ബസ് മേഖലകളെയും പ്രതികൂലമായി ബാധിച്ചു. ഗ്രാമീണ മേഖലകളിൽ ബസുകൾ സർവിസ് നിർത്തിവെക്കുന്നതും ടാക്സികൾ കുറഞ്ഞുവരുന്നതും യാത്രക്ലേശം രൂക്ഷമാക്കുന്നുണ്ട്.
പിടിച്ചുനിൽക്കാനാകുന്നില്ല; പ്രതിസന്ധിയിൽ ഭക്ഷണശാലകൾ
പാചകവാതകത്തിെൻറ വിലവർവർധനയിൽ ഞെട്ടിയിരിക്കുകയാണ് ഭക്ഷണശാലകൾ. ഗ്യാസിന് 268 രൂപ കൂടിയപ്പോൾ ശരാശരി ഹോട്ടലുകാർക്ക് 2000ന് മുകളിൽ ഒരുദിവസം അധിക ചെലവ് വരുന്നുവെന്ന് ഇവർ പറയുന്നു. മൂന്നു സിലിണ്ടറുകൾവരെ എടുക്കുന്ന ചെറിയ ഹോട്ടലിെൻറ സ്ഥിതിയാണിത്. ഉൽപന്നങ്ങൾക്ക് വില കൂട്ടാതെ ഒരടിപോലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു.
ഉൽപന്നങ്ങൾക്ക് ഇരട്ടിവില കൂട്ടിയാൽ പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ജീവനക്കാരുടെ എണ്ണംകുറച്ച് നഷ്ടം സഹിച്ചാണ് പലരും മുന്നോട്ടുപോകുന്നത്. ജില്ലയിൽ പലയിടങ്ങളിലും ഭക്ഷണശാലകൾ തുറക്കണോ വേണ്ടയോ എന്ന ആലോചനയിലാണെന്ന് ഭാരവാഹികൾ പറയുന്നു.
പെട്രോൾ, ഡീസൽ വിലവർധനയെ തുടർന്നും പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുന്നതും വലിയ പ്രതിസന്ധിക്കിടയാക്കുന്നത്. ടൂറിസം മേഖലയിലടക്കം പല ഹോട്ടലുകളും പാചകവാതക-ഇന്ധന വിലവർധനയെ തുടർന്ന് തുറക്കാത്ത സാഹചര്യമുണ്ട്. കോവിഡ് കഴിഞ്ഞ് ടൂറിസം മേഖലകൾ സജീവമായി വരുന്ന സാഹചര്യത്തിലും തുറന്നിട്ട് കാര്യമില്ലെന്നാണ് ഇവർ പറയുന്നത്. ഒറ്റദിവസം തന്നെയുണ്ടായ ഇൗ വിലവർധന ഇരുട്ടടിയായിരിക്കുകയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോ. ജില്ല പ്രസിഡൻറ് എം.എൻ. ബാബുവും പ്രതികരിച്ചു.
ബസുകൾക്ക് പറയാൻ നഷ്ടക്കണക്ക്
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും ഇന്ധന വിലവർധനയും വലിയ പ്രതിസന്ധിയാണ് ബസ് വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്നത്. ജില്ലയിൽ 80 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. പല ദിവസങ്ങളിലും ഡീസലടിക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള പണം പോലും കിട്ടുന്നില്ല. 10,000 രൂപ കലക്ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് 6000 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. ചൊവ്വാഴ്ച ഡീസൽ വില 105 ലെത്തി.
നേരത്തേ നാല് ജീവനക്കാർ ബസിലുണ്ടായിരുന്നത് മൂന്നുപേരാക്കി കുറച്ചു. ശമ്പളം കൊടുക്കാൻ നിർവാഹമില്ലാതായതോടെയാണിത്. ഉള്ളവർക്ക് ശമ്പളം കുറച്ചു. 800 രൂപ കൊടുത്തിരുന്നവർക്ക് 600 രൂപയാണ് നൽകുന്നത്. ബസ് കയറ്റിയിട്ടാലുണ്ടാകുന്ന തകരാർ ഓർത്ത് പലരും ഗത്യന്തരമില്ലാതെ നിരത്തിലിറക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ േലാക്ഡൗൺ കാലത്ത് വലിയ നഷ്ടമാണ് വാഹനങ്ങൾ വെറുതെ കിടന്നതിനാൽ ഇണ്ടായത്. സ്പെയർപാർട്സ് വാങ്ങിയൊന്നും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ബസുടമ കൂടിയായ ടി.എസ്. രമേശ്കുമാർ പറഞ്ഞു.
മറ്റ് ജോലികൾ തേടി ഓട്ടോ-ടാക്സി തൊഴിലാളികൾ
ഓട്ടോ, ടാക്സി തൊഴിലാളികൾക്കും ഇന്ധന വിലവര്‍ധന കനത്ത ആഘാതമാണ് ഏല്പിക്കുന്നത്. കോവിഡ് കാലമായതിനാൽ ടൗണുകളില്‍ രാവും പകലും കാത്തുകിടന്നാല്‍ ഓട്ടം പരിമിതമാണെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ പിടിച്ചുനില്ക്കാന് തൊഴിലാളികള്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധനവില ഉയരുന്നത്.
2017ലെ കൂലിയാണ് ഇപ്പോഴും ലഭിക്കുന്നത്. ഒരുതരത്തിലും ഇത്രയും വിലവർധന സഹിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യമല്ല. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സ്പെയർപാർട്സ്, ലേബർ ചാർജ് എന്നിവ കൂടിയാകുേമ്പാൾ ഓട്ടോറിക്ഷ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതി. 200ഉം 300ഉം രൂപയാണ് രാവിലെ മുതൽ വൈകീട്ട് വരെ ഓടിയാൽ കിട്ടുന്നത്.
500ൽ താഴെയാണ് തൊടുപുഴ നഗരത്തിലെ സ്റ്റാൻഡുകളിൽ പരാമവധി ഒരു ഒാട്ടോക്ക് ഒരു ദിവസം ലഭിക്കുന്ന ഓട്ടം. ഇതേ തുടർന്ന് നിരവധിപേർ ടാക്സികൾ വഴിയോരക്കച്ചവടത്തിനായി ഉപയോഗിക്കുകയാണ്. പെയിൻറിങ്, കൂലിപ്പണി തുടങ്ങിയ വരുമാന മാർഗങ്ങളെ ആശ്രയിച്ചും പലരും പോയി.
ഗത്യന്തരമില്ലാത്തവരാണ് മേഖലയിൽ നിൽക്കുന്നതെന്ന് ഓട്ടോ-ടാക്സി വർക്കേഴ്സ് യൂനിയൻ നേതാവായ കെ.കെ. കബീർ പറയുന്നു. വരും ദിവസങ്ങളിൽ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ തുറന്നിട്ടും ബസുകൾ പലതും കട്ടപ്പുറത്ത്
സ്കൂൾ ബസുകൾ സജ്ജമാക്കി നിരത്തിലിറക്കാനുള്ള നടപടി പുരോഗമിക്കെ നിരന്തരമുള്ള ഇന്ധന വിലവർധന വിദ്യാർഥികളുടെ സ്കൂൾ യാത്രക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്. കോവിഡിനെ തുടർന്ന് മാസങ്ങളായി വെറുതെകിടന്ന ബസുകൾ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാൻപോലും സ്കൂളുകളിൽ പണമില്ലാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ.
ഇറക്കിയാൽ തന്നെ ഇന്ധന വിലവർധന മറ്റൊരു ഭാരമാണ്. വാഹന ഫീസ് വർധിപ്പിക്കുന്ന് രക്ഷിതാക്കൾക്കടക്കം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികളെ സ്വന്തം വാഹനത്തിലാണ് പലരും സ്കൂളുകളിലെത്തിക്കുന്നത്. സ്കൂൾ ബസുകൾ എത്താത്ത ഇടങ്ങളിൽ ബദൽ മാർഗം തേടുകയാണ് സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കൾ. താങ്ങാനാവാത്ത ഇന്ധനവില ബാധ്യത ഇരട്ടിയാക്കുമെന്നും സ്കൂൾ അധികൃതർ പറയുന്നു.
ആശ്രയം, പൊതുഗതാഗതം
കോവിഡ് കാലത്ത് സ്വന്തം വാഹനങ്ങളിൽ മാത്രം യാത്രചെയ്തിരുന്നവരിൽ പലരും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോദിവസവും വർധിച്ചുവരുന്ന ഇന്ധനവില വർധനയാണ് കാരണം. കോവിഡ് കാലത്ത് സുരക്ഷയെക്കരുതി ഭൂരിഭാഗം പേരും അവരവരുടെ വാഹനങ്ങളിൽ തന്നെയാണ് ഓഫിസിലേക്കും നഗരങ്ങളിലേക്കുമൊക്കെ എത്തിയിരുന്നതെങ്കിൽ ഇന്ധനവില 100 കടന്നതോടെ ഇവർ ബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങി.
ഒരാഴ്ചയായി ബസുകളിൽ കയറുന്നവരുടെ എണ്ണം അൽപം കൂടിയിട്ടുണ്ടെന്ന് ബസ് ജീവനക്കാരും പറയുന്നു. പ്രതിഷേധ സൂചകമെന്നോണം സൈക്കിൾ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ പേടിയാണെന്നാണ് ഇവർ പറയുന്നത്. പലരും യാത്രകൾ അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
താങ്ങാനാകുന്നില്ല: കുടുംബ ചെലവ്
സാധാരണ കുടുംബത്തെ അേപക്ഷിച്ച് താങ്ങാവുന്നതിലപ്പുറമാണ് നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലവർധന. വീടുകളിൽ പാചകത്തിനായി കൂടുതൽ ആശ്രയിക്കുന്നത് പാചകവാതകമാണ്. സിലിണ്ടറൊന്നിന് 900ന് മുകളിലാണ് വില. ഇത് വീട്ടിലെത്തുേമ്പാൾ ആയിരത്തിനടുത്താകും. ഗ്രാമീണ മേഖലകളിൽ പലരും ചെലവ് കുറക്കാൻ വിറകുകൂടി എത്തിച്ചാണ് പാചകം. നഗരങ്ങളിൽ താമസിക്കുന്നവർക്ക് അതിനും നിർവാഹമില്ല.
വീട്ടാവശ്യങ്ങൾക്കുവേണ്ടി പാചകവാതകം അത്യാവശ്യമായതിനാൽ വാങ്ങാതിരിക്കാനും തരമില്ല. പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് പാചകവാതകത്തിനും വിലവർധിക്കുന്നത്. ഇതുമൂലം പച്ചക്കറിയടക്കം വീട്ടിലേക്കുള്ള സാധനങ്ങളുടെ വിലയിലെല്ലാം വർധനയുണ്ടാകുന്നുണ്ട്. കിട്ടുന്ന ശമ്പളത്തിൽ വലിയൊരു ശതമാനം തുക ഇതിനായി മാറ്റിവെക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും കുടുംബങ്ങൾ പ്രതികരിക്കുന്നു.
പെട്രോൾ 113ലേക്ക്
തൊടുപുഴ: ജില്ലയുടെ അതിർത്തി മേഖലകളായ പൂപ്പാറയിലും മറയൂരിലും പെട്രോൾ വില 113ലേക്ക്. പൂപ്പാറയിൽ ചൊവ്വാഴ്ച 112.81 രൂപയും മറയൂരിൽ 112.64 രൂപയുമാണ്. ഡീസലിന് പൂപ്പാറയിൽ 105.87രൂപയിലും മറയൂരിൽ 106.04 രൂപയിലുമെത്തി.
ജില്ലയിൽ ഇന്ധന വിലവർധന ഏറ്റവുമാദ്യം പ്രതിഫലിക്കുന്നത് അതിർത്തി മേഖലകളായ പൂപ്പാറ, മറയൂർ പ്രദേശങ്ങളിലാണ്. കൊച്ചിയിൽനിന്നുള്ള വർധിച്ച കടത്തുകൂലിയാണ് ജില്ലയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ വിലകൂടാൻ കാരണം. കഴിഞ്ഞമാസം 24ന് തന്നെ രണ്ടിടത്തും പെട്രോൾ വില 110 കടന്നിരുന്നു. ജില്ലയിൽ ഇന്ധനവില ഏറ്റവും കൂടി നിൽക്കുന്ന ഇവിടുത്തെ പമ്പ് ഉടമകൾ ഇതിെൻറ പേരിൽ ഉപഭോക്താക്കളുടെ പഴി കേൾക്കേണ്ടിവരുന്നതും പതിവാണ്. സ്വന്തം നിലക്ക് വില കൂട്ടി വിൽക്കുകയാണെന്ന ആരോപണം യാഥാർഥ്യം മനസ്സിലാക്കാതെ പലരും ഉന്നയിക്കുന്നുണ്ടെന്നും ഇത് പലപ്പോഴും കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും പമ്പുടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.