പൂമാല: ഉൾക്കാടുകളിൽ തഴച്ചുവളരുന്ന മലയിഞ്ചി നാട്ടിലെ കൃഷിയിടത്തിൽ വിളയിച്ച് നൂറുമേനി കൊയ്യുകയാണ് റോജർ. മേത്തൊട്ടി സ്വദേശിയായ റോജർ ആരോഗ്യവകുപ്പിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽനിന്ന് വിരമിച്ചിട്ട് ആറു വർഷമായി. പെൻഷന് ശേഷം കൃഷിലേക്കിറങ്ങുമ്പോൾ മണലേൽ പുന്നയിൽ റോജർ തീരുമാനിച്ചു വലിയ മുതൽ മുടക്കില്ലാത്തതും അധികം പരിപാലനം ആവശ്യമില്ലാത്ത ഒന്നായിരിക്കണം തന്റെ കൃഷിയെന്ന്. അങ്ങനെയാണ് മലയിഞ്ചി വളർത്താൻ തീരുമാനിച്ചത്. മുമ്പ് മേത്തൊട്ടിയിൽ നട്ടുവളർത്താതെ തന്നെ തന്റെ പറമ്പിൽ കുറച്ച് മലയിഞ്ചി വളർന്നിരുന്നു. അത് പറിച്ചുവിറ്റിരുന്നു. ഈ അനുഭവമാണ് മലയിഞ്ചിയിലേക്ക് തിരിയാൻ പ്രേരണയായത്. ഉടുമ്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളത്ത് രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. അതിന്റ വിളവെടുത്തു 4000 കിലോ ഉണക്ക മലയിഞ്ചി വിറ്റു. വന്യ മൃഗശല്യവും കേടും കൃഷിയെ ബാധിക്കാത്തതിനാൽ നിശ്ചിത വരുമാനം ഉറപ്പാണെന്നതാണ് മലയിഞ്ചി കൃഷിയുടെ വിജയം. ഇപ്പോൾ പെരിങ്ങാശ്ശേരിക്ക് സമീപവും വെള്ളിയാമറ്റം പഞ്ചായത്തിലെ നാടുകാണിയിലും ഭൂമി പാട്ടത്തിനെടുത്ത് ഏഴ് ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. ത്വഗ്രോഗങ്ങൾക്കുള്ള ചികിത്സക്കാണ് മലയിഞ്ചി ഉപയോഗിക്കുക.
പശ്ചിമഘട്ടത്തിലെ കാടുകളിലാണ് കൂടുതലായി ഇവ വളരുന്നത്. ഒന്നര മീറ്റർ വരെ ഉയരം വെക്കുന്ന ചെടിയുടെ കിഴങ്ങ് ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഉണക്ക മലയിഞ്ചി കിലോക്ക് 100 രൂപക്ക് മുകളിൽ വില കിട്ടും. അനുജൻ അജേഷും കൃഷിയിൽ ഒപ്പമുണ്ട്. ഭാര്യ പങ്കജവല്ലി, മകൻ ആൻസ് റോബിൻ എന്നിവരുടെ പ്രോത്സാഹനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.