തൊടുപുഴ: ഈ തെരഞ്ഞെടുപ്പില്‍ ഫ്ലക്‌സ് വേണ്ട; ഫ്ലക്‌സിബിളായാല്‍ മതിയെന്ന അഭ്യര്‍ഥന മാത്രയാണ് എല്ലാ സ്ഥാനാര്‍ഥികളോടും രാഷ്ട്രീയപാര്‍ട്ടികളോടും ഹരിതകേരളത്തിനും ശുചിത്വമിഷനുമുള്ളത്.
പ്രചാരണത്തിന് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നല്ല പറയുന്നത്. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെയാണ് ഹരിതകേരളവും ശുചിത്വമിഷനും പരിസ്ഥിതി പ്രവര്‍ത്തകരും നിരുത്സാഹപ്പെടുത്തുന്നത്. നൂറുകണക്കിന് സ്ഥാനാര്‍ഥികളുടെ ഫോട്ടോയുള്‍പ്പെട്ട ഫ്ലക്‌സുകള്‍ നാടുനീളെ ഉയരുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും.
കോട്ടണ്‍ തുണിയില്‍ പ്രിൻറ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണില്‍ എഴുതി തയാറാക്കിയ ബോര്‍ഡുകള്‍, തുണിയും പേപ്പറും ഉള്‍പ്പെടുന്ന മീഡിയം ഉപയോഗിച്ച പ്രിൻറ് ചെയ്യുന്ന ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാം. ഇത് ഫ്ലക്‌സ് പ്രിൻറ് ചെയ്യുന്ന മെഷീനില്‍ തന്നെ പ്രിൻറ് ചെയ്യാം. പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചും ആകര്‍ഷകമായി ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും ഉണ്ടാക്കാം. അനുമതിയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളുമാവാം.
കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിര്‍മിക്കാം. കൊടികളുണ്ടാക്കാന്‍ പ്ലാസ്റ്റിക് കലര്‍ന്ന തുണികളുപയോഗിക്കരുത്. ഭവനസന്ദര്‍ശനത്തിന് പോകുന്ന സ്‌ക്വാഡുകള്‍ക്ക് സ്റ്റീല്‍ ബോട്ടിലുകളില്‍ വെള്ളംകൂടി കരുതാം.
പര്യടന വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. തെര്‍മോകോള്‍ റീസൈക്ലിങ് പോലും നടത്താനാകാത്തതായതിനാൽ ഒഴിവാക്കണം. സ്വീകരണ സമ്മേളനത്തില്‍ പ്ലാസ്റ്റിക് മാല വേണ്ടെന്നുെവക്കണം. പൂക്കള്‍, കോട്ടണ്‍നൂല്‍, തോര്‍ത്ത് എന്നിവകൊണ്ട് സ്ഥാനാര്‍ഥിയെ ആദരിക്കാം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം സമാഹരിച്ച് തരംതിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണം. അവര്‍ അത് പുനഃചംക്രമണത്തിന് നല്‍കും.
തെരഞ്ഞെടുപ്പില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ (ഹരിതചട്ടം) പാലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഹരിതകേരളം, ശുചിത്വമിഷന്‍ ജില്ല ഓഫിസുകളുമായി ബന്ധപ്പെടാം. 94474 66229.95622 42370.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.