തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ പലയിടത്തും വ്യാപകനാശം. നിരവധി ഏക്കറിലെ കൃഷികൾ നശിക്കുകയും ഒേട്ടറെ വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. കോടിക്കുളം പഞ്ചായത്തിലാണ് നാശനഷ്ടം കൂടുതൽ. വൻ മരങ്ങൾ കടപുഴകിയതിനാൽ പല ഭാഗങ്ങളിലും മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ആളപായമില്ല.
കൂടുതൽ മഴ ദേവികുളത്ത്
ജില്ലയിൽ കൂടുതൽ മഴ പെയ്തത് ദേവികുളം താലൂക്കിൽ. 74.7 മില്ലിമീറ്റർ മഴയാണ് ദേവികുളത്ത് പെയ്തത്. ഉടുമ്പൻചോല 29.4, പീരുമേട് 25, തൊടുപുഴ 23.8, ഇടുക്കി 34.2 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.
ചൊവ്വാഴ്ച പുലർച്ച നാലോടെ ഉണ്ടായ ശക്തമായ കാറ്റ് കോടിക്കുളം പഞ്ചായത്തിലെ പടിഞ്ഞാറെ കോടിക്കുളം, വെള്ളംചിറ പ്രദേശങ്ങളിൽ പരക്കെ നാശം വിതച്ചു. കാറ്റിൽ മേൽക്കൂര പറന്നുപോയും വൻ മരങ്ങൾ പതിച്ചും പത്ത് വീട് പൂർണമായും 35 എണ്ണം ഭാഗികമായും തകർന്നു. കുമാരമംഗലം വില്ലേജിലും ഒരു വീട് തകർന്നു.
ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലും നാശമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞുവീണു. ഇതിന് പുറമെ ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയ വൻ മരങ്ങളും കടപുഴകി. വാഴ, കവുങ്ങ് കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. വാഴക്കാല റോമൻ കാത്തലിക് ചർച്ചിലെ കുരിശ് കാറ്റിൽ നിലംപതിച്ചു. സമീപത്തെ കോൺവെൻറിലും കൃഷിനാശമുണ്ടായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യാഗൃഹമായ പടിഞ്ഞാറെ കോടിക്കുളം തേക്കനാൽ വീടിനു മുകളിലേക്കും മരം വീണ് കേടുപാട് സംഭവിച്ചു. ചെന്നിത്തലയുടെ ഭാര്യ അനിതയുടെ പേരിലുള്ളതാണ് വീട്.
പുലർച്ച അപ്രതീക്ഷിതമായി ആഞ്ഞടിഞ്ഞ കാറ്റിൽ എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ പകച്ചുപോയി. വൻ മരങ്ങൾ മുകളിൽ പതിച്ച വീടുകളിൽ ഉറങ്ങിയിരുന്ന പലരും തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. റോഡുകളിൽ വൈദ്യുതി പോസ്റ്റുകൾ വീണ് മാർഗതടസ്സം നേരിട്ടതിനാൽ പല വീടുകളും ഒറ്റപ്പെടുകയും രക്ഷാപ്രവർത്തനം ദുഷ്കരമാകുകയും ചെയ്തു. മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
തൊടുപുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ഓഫിസർമാരായ ടി.ഇ. അലിയാർ, കെ.എ. ജാഫർ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ബിൽസ് ജോർജ്, ഡി. മനോജ് കുമാർ, ബിപിൻ എ. തങ്കപ്പൻ, കെ.ബി. ജിനീഷ് കുമാർ, വി.എസ്. അജയകുമാർ, ടി.കെ. വിവേക്, എം.എൻ. അയ്യൂബ്, ഡി. അഭിലാഷ്, ഷൗക്കത്തലി ഫവാസ്, സ്റ്റോജൻ ബേബി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തൊടുപുഴ: ചൊവ്വാഴ്ച പുലര്‍ച്ച നാലോടെയാണ് കോടിക്കുളം പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായത്. കൊടുങ്കാറ്റിന് സമാനമായ കാറ്റാണ് വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പലരുടെയും വീടുകള്‍ക്ക് മേലെ കൂറ്റന്‍ മരങ്ങള്‍ കടപുഴകി. ഇതുമൂലം വീടിെൻറ മേല്‍ക്കൂരക്ക് പുറമെ ഭിത്തിയുള്‍പ്പെടെ തകർന്നു. നിരവധി വീടുകളുടെ മേല്‍ക്കൂരയും കാറ്റില്‍ നിലം പൊത്തി.
വന്‍ ശബ്ദത്തോടെയുള്ള കാറ്റായതിനാല്‍ മിക്ക വീടുകളിലും ആളുകള്‍ ഉണര്‍ന്നിരുന്നു. ഇതിനാല്‍ പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭമറിഞ്ഞ ഉടന്‍ തൊടുപുഴയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമങ്ങള്‍ തുടരുകയാണ്. തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തില്‍ കോടിക്കുളം വില്ലേജ് ഓഫിസര്‍ ഓഫിസര്‍ സാറ്റിക്കുട്ടി, നൈസന്‍ നൈനാന്, മണിലാല്‍, വിഷ്ണു നാരായണന്, ബിജുമോന്, സുരേഷ് എന്നിവരടങ്ങിയ റവന്യൂ സംഘം തകര്‍ന്ന വീടുകളില്‍ എത്തി നാശനഷ്ടം വിലയിരുത്തി.
കോടിക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡൻറ് രമ്യ മനു, പഞ്ചായത്ത് അംഗങ്ങളായ ഹലീമ നാസര്‍, ഷൈനി സുനില്‍, ബിന്ദു പ്രസന്നന്, ജെര്‍ലി റോബിന്, ഷേര്‍ളി ആൻറണി, പോള്‍സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പൂർണമായും തകര്‍ന്ന വീടുകളിലെ താമസക്കാരില്‍ ചിലര്‍ ബന്ധു വീടുകളിലേക്കും മറ്റും മാറി. ഏതാനും വീടുകള്‍ക്ക് കോടിക്കുളം പഞ്ചായത്തിെൻറ നേതൃത്വത്തില്‍ താല്‍ക്കാലിക മേല്‍ക്കൂര സ്ഥാപിച്ചു.
ഹൈറേഞ്ചിെൻറ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരുന്നു. എന്നാൽ, ഇൗ പ്രദേശങ്ങളിൽ കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദേവികുളം താലൂക്കില്‍ മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ മഴ നാശം വിതച്ചു. മാങ്കുളം റേഷന്കടസിറ്റി തൊഴുത്തുംകുടി വിജയെൻറ വീട് മുറ്റമിടിഞ്ഞ് അപകടാവസ്ഥയിലായി.
മരംവീണ് കല്ലാര്‍-മാങ്കുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ചയും ശമനമില്ലാതെ തുടർന്നു. അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, മാങ്കുളം, സേനാപതി, മൂന്നാർ പഞ്ചായത്തുകളില്‍ മഴ ശക്തമായി തുടരുകയാണ്. വൈദ്യുതി നിലയങ്ങളില്‍ ഉൽപാദനം പൂർണനിലയിലാണ്.
അടിമാലി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിലെ മൂന്നും നാലും ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയർത്തിയത്. മഴ ശക്തമായി തുടരുന്നതിനാല്‍ ശേഷിക്കുന്ന രണ്ട് ഷട്ടറുകൂടി തുറക്കാന്‍ സാധ്യതയുണ്ട്.
ലോവര്‍ പെരിയാര്‍ അണക്കെട്ടിെൻറ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നത്. ഡാമുകളില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയിൽ ചൊവ്വാഴ്ച 2356.06 അടി വെള്ളമാണുള്ളത്. കഴിഞ്ഞയാഴ്ച ഇത് 2353.54 അടിയായിരുന്നു. മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ് ചുവടെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.