തൊടുപുഴ: മികച്ച റോഡിനായി പതിറ്റാണ്ടുകളായുള്ള ഇടമലക്കുടിക്കാരുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കൊടും വനത്തിലുള്ള കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിർമാണോദ്ഘാടനം തിങ്കളാഴ്ച പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിര്‍വഹിക്കും. ഇടലിപ്പാറക്കുടിയില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ. എ. രാജ അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയാവും.
പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്ററിലാണ് വനത്തിലൂടെ റോഡ് നിർമിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെ 7.5 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം. ഇടമലക്കുടിയിൽ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏര്‍പ്പെടുത്താനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. 4.37 കോടി ചെലവില്‍ മൂന്നാറില്‍നിന്ന് 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്.
റോഡും നെറ്റ് കണക്റ്റിവിറ്റിയും പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം പൂർണമായും ഇടമലക്കുടിയിലേക്ക് മാറ്റാന്‍ കഴിയും. നിലവില്‍ കുടിയില്‍നിന്ന് 38 കിലോമീറ്റര്‍ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫിസ്.2008ല്‍ സ്പീക്കറായിരിക്കെ കെ. രാധാകൃഷ്ണന് ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010ല്‍ പഞ്ചായത്താക്കി മാറ്റിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടിയില്‍ നടന്നിരുന്നു.
ഇടമലക്കുടി നിവാസികള്‍ക്കുള്ള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക സമ്മാനമാണ് റോഡും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമെന്ന് മന്ത്രി പറഞ്ഞു.24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.