തൊടുപുഴ: സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പീരുമേട് പഞ്ചായത്തിലെ മേമലക്ക് സമീപം കമ്പിമൊട്ടയിൽ ടാങ്കും പമ്പിങ് സ്റ്റേഷനും സ്ഥാപിക്കാൻ തുക വകയിരുത്തി അഴുത ബ്ലോക്ക് പഞ്ചായത്തും പീരുമേട് പഞ്ചായത്തും സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കേണ്ട ബാധ്യത സർക്കാറിനും പ്രാദേശിക ഭരണകൂടങ്ങൾക്കുമുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. കമ്പിമൊട്ടയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭൂനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശമാണ്. ജൽജീവൻ മിഷന്റെ സംഭരണ ടാങ്ക് സ്ഥാപിച്ച സ്ഥലത്തെക്കാൾ ഉയരത്തിലായതു കാരണമാണ് കുടിവെള്ളം കിട്ടാത്തതെന്ന് പീരുമേട് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഏപ്രിൽ 20നകം പീരുമേട് പഞ്ചായത്തും അഴുത ബ്ലോക്കും ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.