തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് 2388.18 അടിയായി ഉയര്‍ന്നു.ഇതോടെ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായ ആദ്യ മുന്നറിയിപ്പായ 'ബ്ലൂ അലർട്ട്' പ്രഖ്യാപിക്കേണ്ടതാണെങ്കിലും വൃഷ്ടിപ്രദേശങ്ങളിലെ മഴയും നീരൊഴുക്കും കുറഞ്ഞത് കണക്കിലെടുത്ത് നടപടി നീട്ടി. ഞായറാഴ്ചയും ജലനിരപ്പ് ഉയരുന്ന പ്രവണതയാണെങ്കിൽ മാത്രം ജാഗ്രത നിർദേശം പുറപ്പെടുവിക്കാനാണ് തീരുമാനം.
മഴ സംബന്ധിച്ച കാലാവസ്ഥ മുന്നറിയിപ്പില്ലാത്തതും ജാഗ്രത നിർദേശം പിന്നീടാക്കുന്നതിന് കാരണമായതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിന് തൊട്ടുമുമ്പുള്ള റെഡ് അലർട്ടിന് ഇനിയും ജലനിരപ്പ് കാര്യമായി ഉയരണമെന്നതും പരിഗണിച്ചു. മഴയും നീരൊഴുക്കും കുറയുന്ന പശ്ചാത്തലത്തിൽ ധിറുതിപിടിച്ച് മുന്നറിയിപ്പ് നൽകിയശേഷം പിൻവലിക്കേണ്ടിവരുന്ന സാഹചര്യമൊഴിവാക്കാൻ കൂടിയാണ് ബ്ലൂ അലർട്ട് മാറ്റിയത്.ആദ്യം ബ്ലൂ അലര്‍ട്ടും തുടർന്ന് വ്യത്യസ്ത ഘട്ടങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾക്കും ശേഷമാകും അണക്കെട്ട് തുറക്കുക.
2387.59 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2392.04 അടിയിൽ ഓറഞ്ച് അലര്‍ട്ടും 2393.04 അടിയിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. പരമാവധി അനുവദനീയമായ ജലനിരപ്പ് 2403 അടിയാണെങ്കിലും റൂള്‍ കര്‍വ് പ്രകാരം നിലവില്‍ 2395.21 അടി വരെയേ സംഭരിക്കാനാകൂ. 83.01 ശതമാനം ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. അതിനിടെ, അണക്കെട്ടിൽനിന്നുള്ള ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.