തൊടുപുഴ: മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും ജില്ലയിലെ ഗതാഗത നിയമ ലംഘനങ്ങളില്‍ ഗണ്യമായ കുറവ്. ഒരു മാസത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞ ജില്ലകളില്‍ ഇടുക്കി മുന്നിലാണ്. ജൂൺ അഞ്ച് മുതലാണ് എ.ഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് സംസ്ഥാനത്ത് ആകെ 49,775 പേര്‍ക്കു പിഴ ചുമത്തിയപ്പോള്‍ 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57,032 നിയമലംഘനങ്ങള്‍ കണ്ടെത്തിയതിലും കുറവ് ഇടുക്കിയിലാണ്. 2348 കേസുകള്‍ മാത്രമാണ് ജില്ലയില്‍ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ജില്ലയില്‍ കണ്ടെത്തിയത് ഒമ്പതു കേസുകള്‍ മാത്രമാണ്. സംസ്ഥാനത്താകെ 1846 പേര്‍ക്കാണ് ഇതിനായി പിഴ ചുമത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു.
അതേസമയം, ജില്ലയില്‍ എല്ലാവിധ ഗതാഗത നിയമ ലംഘനങ്ങളും പിടികൂടി വാഹന യാത്ര കൂടുതല്‍ അപകടരഹിതമാക്കാനുള്ള തയാറെടുപ്പിലാണ് മോട്ടോര്‍ വാഹനവകുപ്പ്. കാമറയില്‍ പതിയുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കൂടുതലായി നിയമം പാലിച്ചു തുടങ്ങിയത്. എന്നാല്‍, കാമറയില്ലാത്ത സ്ഥലങ്ങളില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഈ മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ജില്ലയില്‍ റോഡ് അപകടങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. കാമറകൾ പ്രവർത്തനം തുടങ്ങിയതോടെ ഇടുക്കിയിൽ വലിയ തോതിൽ നിയമലംഘകരുടെ എണ്ണം കുറഞ്ഞതായി ഇടുക്കി ആർ.ടി.ഒ രമണൻ പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്ന കേസുകൾ വളരെ അപൂർവമാണ്. അതുപോലെ റോഡിലെ അശ്രദ്ധ മൂലമുള്ള അപകടങ്ങളും കുറഞ്ഞതായി ആർ.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.