പീരുമേട്: പ്ലാക്കത്തടം കോളനിയിൽ 11 വർഷമായി തുടരുന്ന ആനശല്യം ജനജീവിതത്തെ ബാധിച്ചു. കൃഷിയും നാണ്യവിളകളും നശിപ്പിക്കുകയും സംരക്ഷണഭിത്തിയും കയ്യാലകളും ചവിട്ടി നശിപ്പിക്കുകയും ചെയ്യുന്നത് കൃഷി ചെയ്യുന്നതിനും തടസ്സമാകുന്നു. ആറു മാസത്തിലധികമായി രാത്രി പതിവായി ആനകൾ എത്തുന്നു.
കോളനിവാസികൾ പടക്കം പൊട്ടിച്ചു. പാട്ടകൊട്ടിയും തുരത്തുന്നുണ്ടെങ്കിലും വീണ്ടും തിരിച്ചുവരും. നാലു വശവും വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ 154മല അരയവിഭാഗത്തിലുള്ള കുടുംബങ്ങളാണ് താമസിക്കുന്നത്. കൃഷിയെ ആശ്രയിച്ചാണ് ഇവർ കഴിയുന്നത്. കാട്ടാന ശല്യം തടയാൻ വനാതിർത്തിയിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നും ടെൻഡർ നടപടി പൂർത്തിയായെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും നിർമാണം ആരംഭിച്ചിട്ടില്ല.
കാട്ടാനക്കൂട്ടത്തിനൊപ്പം കടുവ, കരടി എന്നിവയുടെ സാന്നിധ്യവും ഭീതി പടർത്തുന്നു. ആളൊഴിഞ്ഞ ഒരു വീട്ടിൽ കരടിയെ കണ്ടതിനെ തുടർന്ന് സമീപവാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇവരെ പരിശോധന നടത്തിയിരുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ സന്ധ്യക്ക് മുമ്പ് ആളുകൾ വീടുകളിൽ എത്തുകയും പുറത്തിറങ്ങാനും ഭയപ്പെടുന്നു.
അടിമാലി: കാട്ടാന ശല്യം രൂക്ഷമാകുകയും ജനങ്ങൾ പ്രത്യക്ഷസമരം നടത്തുകയും ചെയ്ത കുളമാംകുഴിയിൽ വീണ്ടും കാട്ടാനകളെത്തി. മൂന്ന് ആനകളാണ് ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം രണ്ട് കാട്ടാനകളെ ആർ.ആർ.ടീം തുരത്തിയിരുന്നു. ഇതിനുശേഷം ഇവർ മടങ്ങിയതിന് പിന്നാലെയാണ് മൂന്ന് കാട്ടാന കോളനിയിൽ എത്തിയത്. ഇത് ജനത്തെ കൂടുതൽ ഭീതിയിലാക്കി. വെള്ളിയാഴ്ച എത്തിയ കാട്ടാനകൾ ഞായറാഴ്ചയും കോളനിയിൽ വിവിധ ഇടങ്ങളിലെത്തി. വർഷങ്ങൾക്ക് മുമ്പ് ഈ കോളനിയിൽ കാട്ടാനകൾ എത്താതിരിക്കാൻ വനം വകുപ്പ് ഫെൻസിങ് സ്ഥാപിച്ചിരുന്നു.
അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇവ നശിച്ചു. ഇതാണ് ഇവിടെ കാട്ടാനശല്യം രൂക്ഷമാകാൻ കാരണം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച ചക്കക്കൊമ്പൻ വീടിന് നേർക്ക് ആക്രമണം നടത്തി. പ്രദേശവാസി ശ്യാമിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. വീടിന് ഭാഗികമായി കേട് സംഭവിച്ചു. മേഖലയിൽ വ്യാപകമായി കൃഷിനശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച പഴംബ്ലിച്ചാലിലും കാട്ടാന കൃഷി നശിപ്പിച്ചിരുന്നു. മാങ്കുളം കവിതക്കാട്ടിൽ കാട്ടാന ശല്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.