നെടുങ്കണ്ടം: റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് ടീം ഫസ്റ്റ് എയ്ഡ് നെടുങ്കണ്ടം എന്ന കൂട്ടായ്മ രൂപവത്ക്കരിച്ചു. നെടുങ്കണ്ടത്ത് റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. എന്നാൽ ഇവരെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പലരും വിമുഖത കാട്ടുകയാണ്.
അടുത്തിടെ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് 15 മിനിറ്റോളം റോഡില്‍ കിടന്ന് മരിച്ചിരുന്നു. സമാനമായ പല സംഭവങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പരിക്കേല്‍ക്കുന്നവരെയും ടൗണിലും പരിസര പ്രദേശങ്ങളിലും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരെയും യഥാസമയം ആശുപത്രികളില്‍ എത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ആശുപത്രിയില്‍ എത്തിക്കുന്നതിനോടൊപ്പം ഇവരുടെ വീട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ എത്തുന്നത് വരെ ആവശ്യമായ സഹായങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍, വ്യാപാരി പ്രതിനിധികള്‍, ഓട്ടോഡ്രൈവർമാർ, ചുമട്ടുതൊഴിലാളി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 25 അംഗ കമ്മറ്റിയാണ് രൂപവത്കരിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ സ്ഥിരം രക്ഷാധികാരികളും മര്‍ച്ചന്റ്സ് അസോസിയേഷന് ജന.സെക്രട്ടറി ജെയിംസ് മാത്യു രക്ഷാധികാരിയുമാണ്.
പൊതുജനങ്ങളുടെ സൗകര്യാർഥം ടീം ഫസ്റ്റ് എയ്ഡ് അംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് സംഘടന പ്രസിഡന്റ് സോജന് ജോസ്, സെക്രട്ടറി അനില്‍ കട്ടൂപ്പാറ, ജെയിംസ് മാത്യു, ഷിജു ഉള്ളുരുപ്പില്‍, സന്തോഷ്, അമീന്, ജോബി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.