ചെറുതോണി: റോഡ് പണിയുടെ പേരിൽ നിർത്തിവെച്ച ബസ് സർവ്വീസ് മാസങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല. തങ്കമണി -പ്രകാശ് - തോപ്രാംകുടി - മുരിക്കാശേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുമാണ് പുനരാരംഭികാത്തത്.
മുമ്പ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ധാരാളം ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. നാലുമാസം മുമ്പ് തങ്കമണി - പ്രകാശ് റോഡ് നവീകരണം നടത്തിനായി ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസുകൾ നിർത്തി. റോഡ് നവീകരണം പൂർത്തിയായതിന് ശേഷം നാമമാത്ര ബസ് സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചത്. ഇപ്പോൾ തങ്കമണിയിൽ നിന്ന് തോപ്രാംകുടി വഴി മുരിക്കാശ്ശേരിക്ക് ഉച്ചകഴിഞ്ഞ് 1.40 ന് ഒരു കെ.എസ്.ആർ.ടി.സി ബസും 4.30ന് ഒരു സ്വകാര്യബസും മാത്രമാണ് സർവീസ് നടത്തുന്നത്. വൈകീട്ട് നാലിന് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവ്വീസ് നിർത്തി. ഇതോടെ പ്രകാശ്, തോപ്രാംകുടി മേഖലയിലെ സ്കൂൾ കുട്ടികളും അധ്യാപകരും മറ്റ് യാത്രക്കാരും വലിയ യാത്രാ ക്ലേശമാണ് അനുഭവിക്കുന്നത്. വിദ്യാർഥികളും മറ്റ് യാത്രക്കാരും സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
തങ്കമണിയിൽ നിന്ന് തോപ്രാംകുടി - മുരിക്കാശ്ശേരി വഴിക്ക് വൈകുന്നേരം ആറിന് ശേഷം പെർമിറ്റുള്ള സ്വകാര്യ ബസ്സുകൾ തങ്കമണിയിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്. തങ്കമണിയിൽ നിന്ന് തോപ്രാംകുടി വഴി മുരിക്കാശ്ശേരിക്ക് അവസാന ബസ് 4.30 നാണ്. പ്രദേശവാസികളുടെ യാത്രാക്ലേശങ്ങൾ ചൂണ്ടിക്കാട്ടി ആർ.ടി.ഒ അടക്കം അധികൃതർക്ക് പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.