ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പുഷ്പഗിരി മലനിരകളെ ടൂറിസം വകുപ്പ് അവഗണിക്കുന്നു. കുടിയേറ്റകാലം മുതൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം. തൈലപ്പുല്ലുകൾ തലയാട്ടി നിൽക്കുന്ന മലനിരകളിൽ സദാ തഴുകിയെത്തുന്ന കാറ്റിന് ഔഷധമൂല്യമുണ്ടെന്നാണ് വിശ്വാസം.
1970 -80ൽ ജില്ലയിലെ പ്രധാന പുൽത്തൈല നിർമാണ കേന്ദ്രങ്ങളിലൊന്നായിരുന്നു പുഷ്പഗിരി. ഉൽപാദനച്ചെലവ് വർധിച്ചതും വിറകിന്റെ ലഭ്യതക്കുറവുംമൂലം പുൽത്തൈലം നിർമാണം നിലച്ചു. സമുദ്രനിരപ്പിൽനിന്ന് 3400 അടിയോളം ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ആകർഷണം കോടമഞ്ഞാണ്. മലമുകളിൽനിന്ന് നോക്കിയാൽ ദൂരക്കാഴ്ചകൾ നിരവധിയാണ്. കുയിലിമല, നെടുങ്കണ്ടം, കട്ടപ്പന, കല്യാണത്തണ്ട്, രാമക്കൽമേട്, മൂന്നാർ, ആനമുടി, ചൊക്രമുടി തുടങ്ങിയവ ഇതിൽ ചിലതു മാത്രം. പുഷ്പഗിരിയിലെ കുരിശുമല നന്നങ്ങാടികളുടെ കലവറ കൂടിയാണ്. ചെറുതും വലുതുമായ നിരവധി നന്നങ്ങാടികൾ ഇവിടെയുണ്ട്.
2005ൽ വിവിധ മൊബൈൽ കമ്പനികൾ പുഷ്പഗിരിക്കുന്നുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് തുടങ്ങിയതോടെ ഇവിടം ടവറുകളുടെ നാട് എന്നും അറിയപ്പെടാൻ തുടങ്ങി. 2015ൽ വിനോദസഞ്ചാര വകുപ്പ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പുഷ്പഗിരിയെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. 20 വർഷം മുമ്പ് അനർട്ടിന്റെ നേതൃത്വത്തിൽ പരീക്ഷണ കാറ്റാടി സ്ഥാപിക്കുകയും വർഷത്തിൽ എല്ലാ ദിവസവും ശക്തമായ കാറ്റ് ലഭിക്കുന്ന പുഷ്പഗിരിക്കുന്നുകൾ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല. മൂന്നാറിനും തേക്കടിക്കും മധ്യേ സ്ഥിതിചെയ്യുന്ന പുഷ്പഗിരിയിലേക്ക് രണ്ടിടത്തുനിന്നും 50 കിലോമീറ്ററുണ്ട്. മൂന്നാർ, തേക്കടി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കട്ടപ്പന -തോപ്രാംകുടി റൂട്ടിൽ ബസ് സർവിസ് ആരംഭിച്ചാൽ പുഷ്പഗിരിക്കും അത് പ്രയോജനപ്പെടും. ഇവിടേക്കുള്ള മൺപാത സഞ്ചാരയോഗ്യമാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിക്കുകയാണ്. പ്രാഥമിക സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും അമിനിറ്റി സെന്ററും സ്ഥാപിച്ച് പുഷ്പഗിരിയുടെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.