തൊടുപുഴ: അർഹതയില്ലാത്തവർ റേഷൻ കാർഡുകൾ കൈവശം വെക്കുന്നവരെ വീടുകളിൽ എത്തി കണ്ടെത്താനുള്ള നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗം. റേഷനിങ്ങ് ഇൻസ്പെക്ടർമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ളവരാകും പരിശോധനക്ക് എത്തുക. ടാക്സ് അടക്കുന്നവരാണോ, വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സഹായം തേടാനും വകുപ്പ് ആലോചിക്കുന്നുണ്ട്.
റേഷന്‍ അർഹതയുള്ളവർ പുറത്തും അർഹതയില്ലാത്തവർ പലരും റേഷൻ കാർഡിൽ ഉൾപ്പെട്ട സാഹചര്യത്തിലുമുള്ള കർശന നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. 2021 ജൂണ്‍ 30നകം അർഹതയില്ലാതെ കൈവശം വെച്ച റേഷൻ കാർഡുകൾ സ്വമേധയാ മാറ്റിയെടുക്കാൻ ഉടമകൾക്ക് അവസരം നൽകിയിരുന്നു. ഇതനുസരിച്ച് ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 1404 പേർ റേഷൻ കാർഡുകൾ മാറ്റിയെടുത്തു.
ഉടുമ്പൻ ചോലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കാർഡുകൾ കൈമാറിയത്. 389 പേർ. തൊടുപുഴ- 368, പീരുമേട്-333, ഇടുക്കി -281, ദേവികുളം -63 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ജൂൺ 30 നുള്ളിൽ റേഷൻ കാർഡുകൾ കൈമാറിയവരുടെ എണ്ണം. കാർഡുകൾ തിരികെ ഏൽപ്പിക്കാതെ അർഹതയില്ലാത്ത റേഷൻ വാങ്ങുന്നവരിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ കണക്ക് അനുസരിച്ച് പിഴ ഈടാക്കാനും നീക്കമുണ്ട്. അനർഹമായി വാങ്ങിയ വസ്തുക്കൾക്ക് പിഴയിനത്തിൽ നൽകേണ്ടിവരും. ഏത് ദിവസം മുതലാണോ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയത്, അന്ന് മുതലുള്ള തുകയാകും ഈടാക്കുക. അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഇ- മെയിൽ അയച്ചോ, താലൂക്ക് ഓഫിസിലോ, റേഷൻ കട ഉടമയെ സമീപിച്ചോ തരം മാറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.