വിജിലൻസ് ട്രാപ് കേസിൽ വർധന; പിടിയിലായവരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഡോക്ടറും വരെ

തൊടുപുഴ: കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കെണിവെച്ചു പിടിക്കുന്ന ട്രാപ് കേസുകളിൽ വർധന. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലയിൽ വിജിലൻസിന്റെ പിടിയിലായത് അഞ്ച് പേരാണ്. അറസ്റ്റിലായവരിൽ ഡോക്ടറും പഞ്ചായത്ത് വൈസ് പ്രസിഡന്റും വരെ ഉൾപ്പെടുന്നു. 2021ലും കൈക്കൂലി കേസുകളിൽ ജില്ലയിൽ ആറുപേരെ വിജിലൻസ് പിടികൂടിയിരുന്നു. വിജിലൻസ് പരാതികളിൽ കൃത്യമായി നടപടികളുമായി രംഗത്തിറങ്ങിയതോടെയാണ് കൈക്കൂലിക്കാർ കെണിയിലായത്.

കൈക്കൂലി വാങ്ങുന്നതിനിടെ വനിത ഡോക്ടർ വിജിലൻസ് പിടിയിലായ സംഭവമാണ് ഒടുവിലത്തേത്. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൽട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ മായ രാജാണ് പിടിയിലായത്.ബില്ല് പാസാക്കി നൽകാൻ കരാറുകാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാൻ (52) വിജിലൻസിന്റെ പിടിയിലായതും കഴിഞ്ഞ മാസമാണ്.

കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫിസർ പിടിയിലായത് കഴിഞ്ഞ സെപ്റ്റംബർ 29നാണ്. നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭ നിവാസിൽ കെ.ആർ. പ്രമോദ് കുമാറിനെയാണ് (50) ഇടുക്കി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടയ്ക്കൽ പുതിയവീട്ടിൽ മനോജ് എസ്. നായർ (42) വിജിലൻസിന്റെ പിടിയിലായത്. കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെംബ്ലി കിണറ്റുങ്കൽ കെ.എൽ. ദാനിയേൽ 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസിന്റെ പിടിയിലായത് കഴിഞ്ഞ ജൂലൈയിലാണ്.

അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തരിൽനിന്ന് ആളൊന്നിന് 100 രൂപ വീതം വാങ്ങിയ കുമളിയിലെ മോട്ടോർ‌ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ വലയിലായതും കഴിഞ്ഞ മാസമാണ്. കുമളി ചെക്ക്പോസ്റ്റിൽ കൈക്കൂലി വീതംവെക്കുന്നതിനിടെ എക്സൈസ് വിജിലൻസിന്റെ പിടിയിലായ നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ സംഭവവും അടുത്തിടെ നടന്നു.

ടാർ ചെയ്ത് ആറുമാസം തികയും മുമ്പേ റോഡുകൾ തകർന്നതിന് കരാറുകാരൻ, ഓവർസിയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്ത സംഭവവുമുണ്ട്. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ 1064 എന്ന വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.

Tags:    
News Summary - Increase in vigilance trap cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.