അടിമാലി: വിഷരഹിത ആഹാരം വിളമ്പി സഞ്ചാരികളുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ് കല്ലാർ നവദീപം കുടുംബശ്രീയുടെ മേൽനോട്ടത്തിലുള്ള പിങ്ക് കഫേ. പള്ളിവാസൽ പഞ്ചായത്ത് ടേക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി രണ്ടാം മൈൽ വ്യൂ പോയന്റിലാണ് കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിന്റെ മാതൃകയിലുള്ള സ്ഥാപനം പ്രവർത്തിക്കുന്നത്.നാടൻ വിഭവങ്ങളായ ചേമ്പ്, ചേന, മരച്ചീനി തുടങ്ങിയവയുടെ വിഭവങ്ങൾക്കാണ് ഇവിടെ പ്രിയം .
വീട്ടിൽ തയ്യാറാക്കുന്നതിന് സമാനമായ പാചകരീതികളും രുചിയിൽ വേറിട്ട് നിൽക്കുന്ന മീന്‍കറിയുമാണ് പിങ്ക് കഫേയെ വ്യത്യസ്തമാക്കുന്നത്. സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനിക ശുചിമുറിയും ബസിന്റെ മാതൃകയിലുള്ള പിങ്ക് കഫേയിലുണ്ട്. പുഷ്പ പ്രകാശിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നാടൻ വിഭവങ്ങൾക്ക് പുറമെ ബിരിയാണി, ഫ്രൈഡ് റൈസ്, ബർഗർ, ന്യൂഡിൽസ് തുടങ്ങി വിവിധയിനം വിഭവങ്ങൾ ഇഷ്ടത്തിനനുസരിച്ച് തയാറാക്കി നൽകുന്നു.
പത്തോളം തൊഴിലാളികൾ പിങ്ക് കഫേയിൽ ജോലി ചെയ്യുന്നുണ്ട്. പുഷ്പയുടേതടക്കം ഏഴ് കുടുംബങ്ങൾ ഇതിലൂടെ ഉപജീവനം നടത്തുന്നു. കച്ചവടത്തിൽ പുഷ്പയെ സഹായിക്കാൻ ഭർത്താവും മരുമകനുമുണ്ട്. നിലവിൽ പ്രതിദിനം വിറ്റുവരവ് 25,000 രൂപക്ക് മുകളിലാണ്. എന്നാൽ, ഇത് 3000 രൂപയിൽ താഴെ എത്തിയ ദിവസങ്ങളുമുണ്ട്.
എങ്കിലും ലാഭത്തിൽ തന്നെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. 2021-2022 സാമ്പത്തിക വർഷം എട്ട് ലക്ഷം രൂപ മുടക്കിയാണ് പള്ളിവാസൽ പഞ്ചായത്തിന്റെ പിന്തുണയോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പിങ്ക് കഫേ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.