കട്ടപ്പന: പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്ത് വ്യാപാരികളിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമളി വെള്ളാരംകുന്ന് സ്വദേശി പീറ്റര്‍ നൈനാനാണ് തിരുവനന്തപുരം സ്വദേശിയായ റസല്‍ ഫ്രാന്‍സിസിനെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. 20,000 രൂപ വിലയുള്ള ഫോൺ 10,000ന് നൽകാമെന്നായിരുന്നത്രെ വാഗ്ദാനം. കഴിഞ്ഞ മേയ് മാസത്തിലാണ് പരാതിക്കാരനായ പീറ്റർ നൈനാനും റസൽ ഫ്രാൻസിസും ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മൊബൈല്‍ ഫോൺ വിൽപനക്ക് എത്തിച്ചത്. വെള്ളാരംകുന്ന് സ്വദേശിയായ പീറ്റര്‍ ആവശ്യക്കാരായ മൊബൈൽ വ്യാപാരികളിൽനിന്ന് മുന്‍കൂറായി പണം വാങ്ങിയശേഷം, ഈ തുക റസലിന് കൈമാറുകയും പിന്നീട് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുകയുമായിരുന്നു ചെയ്തിരുന്നത്.
ആദ്യ മാസങ്ങളില്‍ ഇടപാടുകള്‍ കൃത്യമായിരുന്നു. പിന്നീട് റസല്‍ പണം പലപ്പോഴായി കൈപ്പറ്റിയെങ്കിലും മൊബൈല്‍ ഫോണുകള്‍ നല്‍കിയില്ലെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പലതവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളില്‍നിന്ന് ഇരുവരും കൈപ്പറ്റിയത്. ഇടപാടുകളില്‍ വീഴ്ചയുണ്ടായതോടെ വ്യാപാരികള്‍ പീറ്ററിനെ സമീപിക്കുകയായിരുന്നു.
റസലുമായി ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ എത്തിച്ചുനല്കാന് ഇയാള്‍ തയാറായില്ല. റസല്‍ നല്കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പീറ്റര്‍ പണം നിക്ഷേപിച്ചിരുന്നത്. ഇയാളുടെ പരാതിയില്‍ കട്ടപ്പന സി.ഐ. വിശാല്‍ ജോണ്സെൻറ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.