കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ സംരക്ഷിത മേഖലയിൽ സ്വകാര്യ വ്യക്തി കൈയേറിയ ഭൂമി റവന്യൂ വകുപ്പ് ഒഴിപ്പിച്ച് ബോർഡ് സ്ഥാപിച്ചു. ഒരു മാസം മുമ്പ് സ്ഥലം ഒഴിപ്പിക്കാനെത്തിയ ഇടുക്കി സബ് കലക്ടറെയും സംഘത്തെയും ഒരു സംഘം തടഞ്ഞുവെച്ചിരുന്നു. വിവാദ പ്രദേശത്തെ കൈയേറ്റമാണ് വെള്ളിയാഴ്ച റവന്യൂ വകുപ്പ് ബലമായി ഒഴിപ്പിച്ചത്. ഹൈകോടതി ഉത്തരവിനെ തുടർന്ന് പൊലീസ് സാന്നിധ്യത്തിലാണ് നടപടി.
നരിയംപാറ സ്വദേശി എട്ടിയിൽ മാത്യുവാണ് സർക്കാർ സ്ഥലം കൈയേറി കെട്ടിടം നിർമിച്ചത്. തന്റെ കൈവശമുള്ള സ്ഥലമാണെന്ന് അവകാശപ്പെട്ട് ഇയാൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നെങ്കിലും പിന്നീട് കേസ് തള്ളുകയായിരുന്നു. ഇടുക്കി എൽ.ആർ തഹസിൽദാർ മിനി കെ. ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തിലാണ് സ്ഥലം ഏറ്റെടുത്തത്.
ഇടുക്കി ജലാശയത്തിന്റെ സംരക്ഷിത മേഖലയിൽപെടുന്ന അഞ്ചുരുളിയിൽ ജൽജീവൻ മിഷന് ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ അനുവദിച്ച സ്ഥലത്താണ് സ്വകാര്യ വ്യക്തി കെട്ടിടം നിർമിച്ചത്.
ജൽജീവൻ മിഷന്റെ 317 കോടി രൂപയുടെ പദ്ധതിക്ക് അഞ്ചുരുളിയിൽ ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ കെ.എസ്.ഇ.ബിയാണ് ഒരേക്കർ അനുവദിച്ചത്. അതിസുരക്ഷ മേഖലയായ ഇടുക്കി പദ്ധതിയുടെ പരമാവധി ജലനിരപ്പിൽനിന്ന് ഒരു ചങ്ങലപ്പാടിന് ഉള്ളിൽ വകുപ്പു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട ശേഷമാണ് പ്രത്യേക അനുമതി നൽകിയത്.
ജലവിഭവ വകുപ്പിന് വിട്ടുകിട്ടിയ ഈ ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ആദ്യം ഇവിടെ ഷെഡ് നിർമിച്ചു. വിവരം അറിഞ്ഞയുടൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കലക്ടർക്ക് കത്തു നൽകി. തുടർന്ന് ഭൂമിയുടെ അവകാശ തർക്കം പരിഹരിക്കാൻ സ്വകാര്യ വ്യക്തിയോട് ഹാജരാകാൻ ജില്ല ഭരണകൂടം നോട്ടീസ് നൽകി. റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകാനെത്തിയെങ്കിലും കൈപ്പറ്റാൻ തയാറാകാതെ ഉറപ്പുള്ള കെട്ടിടം നിർമിക്കുകയായിരുന്നു.
തുടർന്ന് കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കി കലക്ടർക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടർ മുമ്പ് കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയത്. ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തുന്ന വിവരം മുൻകൂട്ടി ചോർന്നുകിട്ടിയ പഞ്ചായത്തംഗം ആളുകളെ കൂട്ടി റവന്യൂ സംഘത്തെ അന്ന് തടയുകയായിരുന്നു.
കട്ടപ്പന നഗരസഭയും ഉപ്പുതറ, കാഞ്ചിയാർ, പാമ്പാടുംപാറ, വണ്ടന്മേട്, നെടുങ്കണ്ടം പഞ്ചായത്തുകൾ പൂർണമായും ഏലപ്പാറ, അറക്കുളം പഞ്ചായത്തുകൾ ഭാഗികമായും ഉൾപ്പെടുന്ന രണ്ടു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാൻ കൊണ്ടുവന്ന ബൃഹത്തായ ജലവിതരണ പദ്ധതിയാണ് കൈയേറ്റത്തെ തുടർന്ന് മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.