കോവിഡ് കെടുതിയെ അതിജീവിക്കാൻ പലവഴികൾ തേടുന്ന കൂട്ടത്തിൽ പുതുമയായിരിക്കുകയാണ് നാട്ടിൻ പുറത്തെ വീട്ടമ്മമാരുടെ കേക്ക് നിർമാണം. വീടുകളിൽ തയാറാക്കുന്ന കേക്കുകൾക്കിപ്പോൾ ആവശ്യക്കാരും ഏറെയാണ്.
ഓർഡറനുസരിച്ച് മാത്രം കേക്കുണ്ടാക്കി അടുത്ത പ്രദേശങ്ങളിലും പരിചയക്കാർക്കും ഹോം ഡെലിവറി ചെയ്യുന്ന സംരംഭകർ ഏറെയുണ്ട്. ദിവസം നാലും അഞ്ചും വരെ ഓർഡറുകൾ ലഭിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. 300 രൂപ മുതലാണ് കേക്കുകളുടെ വില. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ കേക്കുകൾക്കാണ് ഡിമാൻഡ്. പിറന്നാളിനും മറ്റും ഹോംമെയ്ഡ് കേക്കുകൾക്ക് ആവശ്യക്കാരും ഏറി. ലോക്ഡൗൺ കാലത്തെ വിരസത അകറ്റാനാണ് പലരും യുട്യൂബിലും മറ്റും നോക്കി കേക്കുണ്ടാക്കാൻ പഠിച്ചത്.
എന്നാൽ, ഇന്നത് പലർക്കും വരുമാനമാർഗം കൂടിയായിട്ടുണ്ട്. വീട്ടമ്മമാർ ഉണ്ടാക്കുന്ന സാധനങ്ങൾ ബേക്കറികളിലും മറ്റും എത്തിച്ചും വിൽപന നടക്കുന്നുണ്ട്. ബേക്കറികളിലും വീടുകളിലും ഇവരുടെ കൈപ്പുണ്യത്തിന് പ്രിയമേറിയിട്ടുണ്ട്.
ബേക്കറികളിൽ ജോലിചെയ്തിരുന്ന അന്യദേശക്കാരായ ഷെഫുമാർ നാടുവിട്ടതോടെയാണ് വീട്ടമ്മമാരുടെ കൈപുണ്യത്തിന് ഇടംകിട്ടിയത്. കേക്കുകൾ, ഉണ്ണിയപ്പം, ലഡു തുടങ്ങിയ പലഹാരങ്ങളാണ് പ്രധാനമായും നൽകുന്നത്. വീട്ടിൽ തയാറാക്കുന്ന കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്.
വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുമാണ് കേക്ക് വിൽപന. വീട്ടമ്മമാരുടെ വിജയഗാഥകൾ ക്ലിക്കായതോടെ ജില്ലയിൽ ഹോം ഷോപ്പുകൾ തുടങ്ങാൻ കുടുംബശ്രീയടക്കം രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.