കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചതിൽ പ്രതിഷേധം ശക്തമായി. ടൂറിസം വികസനത്തിന് തുരങ്കം വെക്കുന്ന വനം വകുപ്പിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ നീക്കം.
വനമേഖല കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അയ്യപ്പൻകോവിൽ ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ കാഞ്ചിയാർ പേഴുംകണ്ടത്ത് തേക്ക് പ്ലാന്റേഷനിലേക്കും അഞ്ചുരുളി മുനമ്പിലേക്കുമുള്ള പ്രവേശനം തടഞ്ഞ് ഇരുമ്പ് വേലി സ്ഥാപിച്ചത്. വാഹന പ്രവേശനം മാത്രമാണ് നിരോധിക്കുന്നത് എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ വേലി നിർമ്മാണം പൂർത്തിയാക്കി ആളുകൾക്ക് കയറാൻ കഴിയാത്ത തരത്തിൽ ഗേറ്റ് പൂട്ടിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ജനപ്രതിനിധികളോടോ പഞ്ചായത്തിനോടോ അഭിപ്രായം ആരായാതെ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം വേലി കെട്ടി അടച്ചത് പ്രതിഷേധകരമാണെന്ന് കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു ജോർജ് ആരോപിച്ചു.
ടൂറിസം മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിലാണ് തേക്ക് പ്ലാന്റേഷനിൽ വേലി സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.
തേക്ക് പ്ലാന്റേഷൻ വഴിയാണ് അഞ്ചുരുളി മുനമ്പിലേക്ക് പോകാനാകുക. ടൂറിസം കേന്ദ്രമായി പ്രാഖ്യാപിച്ചിട്ടില്ലെങ്കിലും ഇവിടേയ്ക്ക് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ റിസർവ്വ് വനമായതിനാൽ പ്രവേശനത്തിന് ഔദ്യോഗിക അനുമതിയില്ല.
തേക്ക് പ്ലാന്റേഷനുള്ളിലേക്ക് വാഹനങ്ങൾ കയറ്റി ലഹരി വസ്തുക്കളുടെ ഉപയോഗവും മദ്യപാനവും സ്ഥിരമായി നടക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് വേലി സ്ഥാപിച്ചതെന്നും അയ്യപ്പൻകോവിലിലെ വനപാലകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.