പ​ശു​ക്കി​ടാ​വി​ന്റെ ജ​ഡം പ​കു​തി ഭ​ക്ഷി​ച്ച​നി​ല​യി​ൽ

അണക്കരയിൽ പുലിയിറങ്ങി; പശുക്കിടാവിനെയും 41 മുയലുകളെയും കൊന്നു

കട്ടപ്പന: അണക്കര മേഖലയിൽ ആശങ്ക ഉയർത്തി ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ ആക്രമണം. പശുക്കിടാവിനെയും 41 മുയലുകളെയും കൊന്നു. ഇതോടെ, പ്രദേശവാസികൾ ഭീതിയിലാണ്. അണക്കര മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം മാവുങ്കൽ ചിന്നവൻ എന്നയാളുടെ കന്നുകാലി ഫാമിലാണ് ആദ്യം പുലിയുടെ ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം.

നായ്ക്കളുടെ നിർത്താതെയുള്ള കുരകേട്ട് ഫാം നടത്തിപ്പുകാർ ഇറങ്ങിനോക്കിയപ്പോൾ പശുക്കിടാവിനെ കൊന്ന് പാതിയോളം ഭക്ഷിച്ചതിന്റെ അവശിഷ്ടമാണ് ഫാമിൽ കണ്ടത്. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫാമിലും സമീപത്തും പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. നിരവധി കന്നുകാലികൾ ഫാമിൽ ഉള്ളതിനാൽ പുലിയുടെ സാന്നിധ്യം ആശങ്ക വർധിപ്പിക്കുകയാണ്. എന്നാൽ, കിടാവിനെ ആക്രമിച്ചത് പൂച്ചപ്പുലി ആണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞവർഷം അണക്കര മേഖലയിൽ ചെറിയ കന്നുകാലികൾ, ആടുകൾ, മുയലുകൾ എന്നിവക്കുനേരെ പൂച്ചപ്പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഈ പ്രദേശത്ത് വീണ്ടും വളർത്തുമൃഗങ്ങൾക്കുനേരെ പുലിയുടെ ആക്രമണം. ശനിയാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് അണക്കര മോണ്ട്ഫോർട്ട് സ്കൂളിന് സമീപം കൃഷ്ണൻപറമ്പിൽ സജിയുടെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടിൽനിന്ന് 41 മുയലുകളെ പുലി പിടികൂടി കൊന്നത്. ശബ്ദംകേട്ട് ഉണർന്നപ്പോൾ ഇടത്തരം വലിപ്പമുള്ള പുലി മുയലുകളെ കൊന്ന് ഭക്ഷിക്കുന്നത് കണ്ടതായും ശബ്ദം ഉണ്ടാക്കിയതോടെ പുലി ഓടിമറയുകയും ചെയ്തതായി വീട്ടുകാർ പറയുന്നു.

രാവിലെ വണ്ടന്മേട്ടിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനനടത്തി. കൂട്ടിൽ ആകെ 41 മുയലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏതാനും മുയലുകളെ കൊന്ന നിലയിൽ കൂടിന് സമീപത്തും മറ്റുള്ളവയെ സമീപത്തെ ഏലത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലുമാണ് കാണപ്പെട്ടത്. ചക്കുപള്ളം പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ. രാമചന്ദ്രൻ, വാർഡ് മെംബർ ജോസ് പുതുമന എന്നിവരും സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞദിവസം ഇതിന് തൊട്ടടുത്ത് തന്നെയുള്ള പശു ഫാമിൽനിന്നാണ് പശുക്കിടാവിനെ പുലി കൊന്ന് പാതിയോളം തിന്നത്. പരിസരത്തെ വീടുകളിൽ വളർത്തുമൃഗങ്ങൾ ധാരാളമുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. പൂച്ചപ്പുലി എന്നുപറഞ്ഞ് വനംവകുപ്പ് അധികൃതർ കൈയൊഴിയുമ്പോഴും ആട്, മുയൽ, ചെറിയ പശുക്കൾ തുടങ്ങിയവ വ്യാപകമായി പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നു. 

Tags:    
News Summary - Lion landed on the Anakkara; Killed a calf and 41 rabbits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.