കട്ടപ്പന: പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ പരിതാപകരമെന്ന് ബോധ്യമായതായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി.
മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതി പരിശോധിക്കാനാണ് കമീഷൻ സന്ദർശനം നടത്തിയത്. പീരുമേട്ടിലെ അടഞ്ഞുകിടക്കുന്നതടക്കം തോട്ടം ലയങ്ങൾ സന്ദർശിക്കാനാണ് എത്തിയതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ വർഷം പെയ്ത കനത്ത മഴയെത്തുടർന്ന് കോഴിക്കാനം രണ്ടാം ഡിവിഷനിലെ ലയം തകർന്നുവീണ് തൊഴിലാളി സ്ത്രീ മരിച്ച സ്ഥലം വി.കെ. ബീനാകുമാരി സന്ദർശിച്ചു. തഹസിൽദാർ സണ്ണി ജോർജ്, ഇൻസ്പെക്ടർ പ്ലാന്റേഷൻസ് ശാലിനി നായർ, ഡെപ്യൂട്ടി ലേബർ ഓഫിസർ ദീബു എന്നിവർ സന്ദർശനവേളയിൽ ഉണ്ടായിരുന്നു.
അറ്റകുറ്റപ്പണി നടത്തേണ്ട ലയങ്ങൾ, പൊളിച്ചുമാറ്റി പണിയേണ്ടവ എന്നിവയുടെ കണക്കുകൾ ഉടൻ ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമീഷൻ നിർദേശം നൽകി. സന്ദർശനത്തിനുശേഷം കമീഷൻ പീരുമേട് സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തി.
പീരുമേട് താലൂക്കിൽ നാല് വൻകിട എസ്റ്റേറ്റുകളാണ് കഴിഞ്ഞ 23 വർഷമായി പൂട്ടിക്കിടക്കുന്നത്. അതിൽ ഉടമ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയുടെ തേയില തോട്ടവും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.