കട്ടപ്പന: നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണക്കേസിൽ രണ്ടാംപ്രതിയും പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരനാണ് പിടിയിലായത്. കട്ടപ്പന പുതിയസ്റ്റാൻഡിൽനിന്ന് കട്ടപ്പന പൊലീസാണ് പിടികൂടിയത്. കട്ടപ്പന കോടതിയിൽ ഹാജരാക്കി. കവർച്ച നടത്താൻ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെ നാട്ടുകാർ പിടികൂടി ബുധനാഴ്ച രാത്രി പൊലീസിലേൽപിച്ചിരുന്നു.
ഇയാൾ വരച്ചുനൽകിയ രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിനും പിടിയിലായത്. ബുധനാഴ്ച അർധരാത്രിയാണ് ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപത്തെ കാണിക്കവഞ്ചി മോഷ്ടാക്കൾ ഇളക്കിയെടുത്തത്.സമീപത്തെ വീടിന്റെ മുറ്റത്തുവെച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും കൂട്ടാളി സുബിൻ ഓടി രക്ഷപ്പെട്ടു.
രാത്രിതന്നെ നടന്ന് കട്ടപ്പന ടൗണിലെത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്നു. തുടർന്ന് ഇന്നലെ ജോലി അന്വേഷിച്ച് ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ജോലിയുടെ മറവിൽ മോഷണം നടത്തുവാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.