കട്ടപ്പന: ഇടുക്കി വന്യ ജീവി സങ്കേതത്തിൽ ബാഹ്യലോകത്ത് നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന കണ്ണംപടി മുല്ല ആദിവാസിക്കുടിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. അഞ്ചു വർഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്. 2018-19 സാമ്പത്തിക വർഷം ജില്ല പഞ്ചായത്തിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുളം നിർമിച്ച് കോൺക്രീറ്റ് ചുരുൾ ഇറക്കുകയും മോട്ടോർ സ്ഥാപിക്കുകയും ചെയ്തു. വെള്ളം സംഭരിക്കാൻ അഞ്ച് ടാങ്കുകളും എത്തിച്ചെങ്കിലും വൈദ്യുതി ലഭ്യമാക്കാനോ വിതരണ പൈപ്പുകൾ സ്ഥാപിക്കാനോ നടപടി ഉണ്ടായില്ല. ലക്ഷങ്ങൾ മുടക്കി ആരംഭിച്ച പദ്ധതിയും സ്ഥലത്ത് എത്തിച്ച മോട്ടോറുമെല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. പൈപ്പുകളും നശിച്ചു തുടങ്ങി. ഇടുക്കി ആദിവാസി മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ ഈ കുടിയിൽ 170 കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. വേനൽക്കാലത്ത് വാഹനത്തിലും മറ്റുമാണ് വെള്ളം എത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ഒന്നരക്കിലോമീറ്ററോളം ദൂരെനിന്ന് ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്. പദ്ധതിക്കായി പൂർത്തിയാക്കിയ കുളം വെറുതെ കിടക്കുകയാണെങ്കിലും തറനിരപ്പിൽ നിന്ന് അഞ്ചടി ഉയരത്തിൽ ചുരുൾ സ്ഥാപിച്ചിരിക്കുന്നതിനാൽ വെള്ളം കോരിയെടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഉള്ളാട മഹാസഭ കണ്ണംപടി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്തിനും പരാതി നൽകി. അതേസമയം, പദ്ധതി പ്രാവർത്തികമാക്കാൻ വൈദ്യുതി എത്തിക്കാനും പുതിയ മോട്ടോർ വാങ്ങാനും ഏഴ് ലക്ഷം രൂപ അനുവദിച്ച് തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.