കട്ടപ്പന: അന്തർ സംസ്ഥാന തൊഴിലാളികളെ രേഖകളില്ലാതെയും കോവിഡ് പരിശോധന നടത്താതെയും ടൂറിസ്റ്റ് ബസുകളിൽ കുത്തിനിറച്ച് ഹൈറേഞ്ചിൽ എത്തിക്കുന്നു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് പരിശോധനയില്ലാതെയുള്ള മനുഷ്യക്കടത്ത്.
ഞായറാഴ്ച മാത്രം മതിയായ രേഖകളില്ലാതെ 300ലധികം അന്തർ സംസ്ഥാന തൊഴിലാളികളെയാണ് 10 ബസുകളിലായി ഹൈറേഞ്ചിെൻറ വിവിധ ഭാഗങ്ങളിൽ എത്തിച്ചത്. കട്ടപ്പനയിൽ മാത്രം ഏഴ് ടൂറിസ്റ്റ് ബസുകളിലാണ് ആളുകളെ കൊണ്ടുവന്നത്. മാസ്ക് പോലും ധരിക്കാതെ എത്തിയ ഇവരെ അതിർത്തി കടത്തിക്കൊണ്ടു ന്നിട്ടും ആരോഗ്യവകുപ്പും പൊലീസും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലെ ജോലിക്കായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ഝാർഖണ്ഡ്, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് ഇങ്ങനെ കൊണ്ടുവന്നത്. ഹൈറേഞ്ചിെൻറ വിവിധ ഭാഗങ്ങളിലെ ഏലത്തോട്ടങ്ങളിലെ തോട്ടമുടമകളും അവരുടെ മാനേജർമാരും വാഹനങ്ങളുമായി എത്തി തൊഴിലാളികളെ കുട്ടിക്കൊണ്ട് പോകുകയായിരുന്നു. ആധാർ കാർഡോ മറ്റ് മതിയായ യാത്രാരേഖകളോ ഇവരിൽ പലരുടെയും കൈവശം ഇല്ല. കോവിഡ് പരിശോധനയോ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ആറുമാസത്തിനകം ഇങ്ങനെ ഹൈറേഞ്ചിൽ എത്തിച്ച തൊഴിലാളികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്. ഇവർ എവിടെ ജോലി ചെയ്യുന്നു, ആരാണ് ഇവരെ കൊണ്ടുവന്നത്, ഇവരുടെ യഥാർഥ തിരിച്ചറിയൽ രേഖ ആരെങ്കിലും പരിശോധിച്ചശേഷമാണോ ഓരോ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഉത്തരമില്ല.
തൊഴിലാളികളെ കട്ടപ്പനയിൽ കൊണ്ടുവന്ന വിവരം ചിലർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭൂരിഭാഗം തൊഴിലാളികളെയും ആവശ്യക്കാർ കൊണ്ടുപോയിരുന്നു. ബസ് ജീവനക്കാരോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
എന്നാൽ, കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം വിവരം അറിഞ്ഞു സ്ഥലത്തെത്തി പരിശോധന നടത്തിയതായി കട്ടപ്പന എസ്.െഎ പറഞ്ഞു.
ആരോഗ്യവകുപ്പ് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.