കട്ടപ്പന: ലോക്ഡൗൺ ജില്ലയിലെ മലഞ്ചരക്ക് വ്യപാര മേഖലയെ പ്രതികൂലമായി ബാധിച്ചു. കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർ ദുരിതത്തിലാണ്. ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
വിപണിയിൽ കടുത്ത സ്തംഭനാവസ്ഥ ഉടലെടുത്തതോടെ മലഞ്ചരക്ക് ഉൽപന്നങ്ങളുടെ വില കുത്തനെ ഇടിയുകയും ചെയ്തു. ഏലവും കുരുമുളകും ഉൾപ്പെടെ സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കാനാവുന്നില്ല. പ്രാദേശികമായി ഓരോ സ്ഥലത്തും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധി അതിജീവിക്കാനാവൂ എന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്.
കുരുമുളക് വില കിലോഗ്രാമിന് 400 രൂപയിൽനിന്ന് 380 രൂപയിലേക്ക് താഴ്ന്നപ്പോൾ ഏലം വില കിലോക്ക് 3800യിൽനിന്ന് 800 രൂപയായാണ് ഇടിഞ്ഞത്. മറ്റ് കാർഷിക ഉൽപന്നങ്ങളുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. കാപ്പിക്കുരു വില കിലോഗ്രാമിന് (റോബസ്റ്റ പരിപ്പ്) 120ൽനിന്ന് 107 ആയും അറബി കാപ്പി പരിപ്പ് 110 രൂപയായും കുറഞ്ഞു.
ഗ്രാമ്പു വില 630 രൂപയിൽനിന്ന് 510 രൂപയിലേക്ക് താഴ്ന്നപ്പോൾ ഉണക്ക കൊക്കോ വില 185 രൂപയിൽനിന്ന് 150രൂപയിലേക്കും മഞ്ഞൾ വില 100 രൂപയിൽനിന്ന് 90ലേക്കും താഴ്ന്നു. പച്ച ഇഞ്ചിവില കിലോഗ്രാമിന് 30 രൂപയിലേക്ക് താഴ്ന്നപ്പോൾ ചുക്ക് വില കിലോഗ്രാമിന് 140 രൂപയിൽ നിൽക്കുകയാണ്.
കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവിന് പിന്നാലെയാണ് വിപണി സ്തംഭിച്ച് ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥ സംജാതമായത്. കയറ്റുമതി സ്തംഭനാവസ്ഥയിൽ എത്തിയതോടെ ഉത്തരേന്ത്യയിലേക്കുള്ള വിപണനവും ചരക്ക് നീക്കവും നിലച്ചു. ഏലക്ക ഓൺലൈൻ ലേലം മിക്കവാറും ദിവസങ്ങളിലും നടക്കാറില്ല. ലേലം നടക്കുന്ന കേന്ദ്രങ്ങളിൽ എത്തുന്ന കച്ചവടക്കാരുടെയും ഏജൻറുമാരുടെയും എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്.
ഹൈറേഞ്ചിൽ കുരുമുളകിെൻറയും കാപ്പിയുടെയും വിളവെടുപ്പ് സീസൺ കഴിഞ്ഞ ഘട്ടത്തിൽ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവും വിപണിയിലെ നിശ്ചലാവസ്ഥയും കർഷകരുടെ പ്രതീക്ഷകൾ തകർത്തു. ബാങ്ക് വായ്പയെടുത്ത കർഷകർ ധനകാര്യ സ്ഥാപനങ്ങളുടെ നോട്ടീസും ജപ്തി ഭീഷണിയും മൂലം വിഷമിക്കുകയാണ്. പണം തിരിച്ചടക്കാൻ മാർഗമില്ലാത്തതിനാൽ പലരും ആത്മഹത്യയുടെ വക്കിലാണ്.
മലഞ്ചരക്ക് കച്ചവടക്കാരും സമാന പ്രതിസന്ധിയിലാണ്. കടകളിൽ വാങ്ങിെവച്ച ഉൽപന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ല. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ സ്േറ്റാക്ക് ചെയ്തിരിക്കുന്ന മലഞ്ചരക്ക് വിറ്റഴിച്ചില്ലെങ്കിൽ കനത്ത നഷ്ടം നേരിടേണ്ടിവരും. പൂപ്പൽ കയറി ഉൽപന്നങ്ങൾ നശിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.