കട്ടപ്പന: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ യു.ഡി.എഫും രംഗത്ത്. സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നതായി കുറ്റപ്പെടുത്തിയാണ് ദൗത്യ സംഘത്തിനെതിരെ യു.ഡി.എഫും രംഗത്തിറങ്ങിയത്. നേരത്തേ, വൻകിടക്കാരെ ഒഴിവാക്കി സാധാരണക്കാരെ ഒഴിപ്പിക്കുന്നതായി സി.പി.എമ്മും ആരോപിച്ചിരുന്നു.
ചിന്നക്കനാൽ പഞ്ചായത്തിലെ സിങ്ക് കണ്ടം പ്രദേശത്തെ ജനങ്ങളെ നിർബന്ധപൂർവ്വം കുടിയൊഴിപ്പിക്കുന്ന ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിന്റെ നടപടി മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
ആറ് പതിറ്റാണ്ടായി താമസിച്ചുവരുന്ന പാവപ്പെട്ട കുടുംബങ്ങളെ നിർദയം വഴിയിൽ ഇറക്കി വിടണമെന്ന ഉദ്ദേശത്തോടെ രണ്ട് പതിറ്റാണ്ടുകളായി റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് നടത്തിവരുന്ന ഗൂഢ തന്ത്രങ്ങളുടെ ഫലമായിട്ടാണ് ഇത്തരം ഉത്തരവുകൾ കോടതിയിൽ നിന്നും ഉണ്ടാകുന്നത്.
പുൽമേടായിരുന്ന പുറമ്പോക്ക് സ്ഥലം കഠിനാധ്വാനം ചെയ്ത് കൃഷിഭൂമിയാക്കി മൂന്ന് തലമുറയായി അനുഭവിച്ചുവരുന്ന സാധുക്കളുടെ കൈവശം വസ്തുവിനെ സംബന്ധിച്ച രേഖകൾ ഇല്ല. പട്ടയത്തിന് വേണ്ടി പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചപ്പോൾ കൈയേറ്റക്കാരാണെന്ന് പറഞ്ഞ് നിരസിക്കുകയാണുണ്ടായത്.
1974ലെ പൂർത്തിയാകാത്ത റീസർവേ രേഖകളിൽ ജനങ്ങളെ ഉപദ്രവിക്കുന്നതിന് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതിന് ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. 1964 കാലഘട്ടത്തിൽ കോട്ടയം ജില്ലയും ശാന്തൻപാറ പഞ്ചായത്തും ആയിരുന്നപ്പോൾ പഞ്ചായത്തിൽ കരം അടച്ച രസീതിൽ നിന്നും കുടിയേറ്റത്തിന്റെ പഴക്കം തിട്ടപ്പെടുത്താം. എല്ലാ വീട്ടുകാരും പഞ്ചായത്തിൽ കരം അടയ്ക്കുന്നവരും റേഷൻ കാർഡ്, ആധാർ കാർഡ്, വൈദ്യുതി കണക്ഷൻ എന്നിവ ഉള്ളവരുമാണ്.
12 കുടുംബങ്ങളിൽ നിന്ന് ആരംഭിച്ച് 240 കുടുംബങ്ങളെ ഇറക്കിവിടാനുള്ള ശ്രമമാണ് നടത്തിവരുന്നത്. സിങ്ക് കുണ്ടത്തെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മറ്റു കുടുംബങ്ങളെ നിലനിർത്തുന്നതിനും നിയമപരവും രാഷ്ട്രീയപരവുമായ എല്ലാ പിന്തുണയും യു.ഡി.എഫ് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.