കട്ടപ്പന: കാത്തോലിക്ക സഭ സിറോ മലബാർ, മലങ്കര റീത്തുകളിലെ യുവജനങ്ങളുടെ സംഘടനയായ കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന കലോത്സവം ഒക്ടോബർ രണ്ട്, നാല്, അഞ്ച് തീയതികളിൽ ഇടുക്കിയിലെ വെള്ളയംകുടിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ 32 രൂപതകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളംപേർ 30 ഇനങ്ങളിലായി മാറ്റുരക്കും. യുവതികൾക്കും യുവാക്കൾക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടാകും. നാലിന് രണ്ടിന് കട്ടപ്പനയിൽനിന്ന് വെള്ളയാംകൂടിയിലേക്ക് ആയിരങ്ങൾ അണിനിരക്കുന്ന വിളംബര ഘോഷയാത്ര നടക്കും. വെള്ളയാംകുടി പരീഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ലത്തീൻ തിരുവനന്തപുരം അതിരുപത ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി ആഗസ്റ്റിൻ, ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
ഇടുക്കി രൂപത ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തിന്റെ വേദിയാകുന്നത്. മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന ബഫർ സോൺ, തീരദേശ മേഖലയിലെ ജനവിഭാഗം നേരിടുന്ന കടലാക്രമണ ഭീഷണിയും വിഴിഞ്ഞം തുറമുഖപ്രശ്നവും ഘോഷയാത്രയിലും കലോത്സവത്തിലും പ്രതീകാത്മകമായി അവതരിപ്പിക്കുമെന്ന് കെ.സി.വൈ.എം സംസ്ഥാന രൂപത ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ഡെലിൻ ഡേവിഡ്, ലിനു വി.ഡേവിഡ്, ലിനറ്റ് വർഗീസ്, സ്മിത ആന്റണി, അലക്സ് തോമസ്, ഫാ. ജോസഫ് നടുപടവിൽ, ജെറിൻ ജെ.പട്ടാകുളം, ലിൻസ് ജോസ്, ജോയ്സ് ഇമ്മാനുവൽ, ആൽബർട്ട് റെജി, സാം സണ്ണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.