കുമളി: വണ്ടിപ്പെരിയാർ, മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് ഒരാഴ്ചയായി നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചത് വലിയ പ്രതിഷേധത്തിനും ഭീതിക്കുമിടയാക്കിയിരുന്നു. ജനവാസമേഖലയിലും തേയിലത്തോട്ടത്തിലും എത്തുന്നത് കടുവയാണോയെന്ന് അറിയാൻ പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷിച്ചിരുന്നു. കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ ജീവിതം ഭീതിയിലായി.
കോട്ടയം ഡി.എഫ്.ഒയുടെ നിർദേശപ്രകാരം പെരിയാർ കടുവ സങ്കേതം വെറ്ററിനറി അസി. ഡയറക്ടർ ഡോ. അനുരാഗിന്റെ നേതൃത്വത്തിലാണ് മൂലക്കയം മാട്ടുപ്പെട്ടിയിൽ കൂട് സ്ഥാപിച്ചത്. മുമ്പ് വണ്ടിപ്പെരിയാർ മൂങ്കലാർ ഭാഗത്ത് പുലി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു. ഇതോടെ പുലിയെ പിടികൂടാനാണ് ഈ ഭാഗത്തെ തേയിലത്തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. എന്നാൽ, കൂട് സ്ഥാപിച്ച് ആറുമാസം പിന്നിട്ടിട്ടും പുലിയെ പിടികൂടാനായില്ല. ഈ കൂടാണ് മൂലക്കയം ഭാഗത്ത് കടുവയെ പിടികൂടാൻ മാറ്റിസ്ഥാപിച്ചത്. മൂലക്കയം, മാട്ടുപ്പെട്ടി മേഖലയിൽ വന്യമൃഗ ശല്യം നിരന്തരമാണ്. പതിവായി ഇവിടെ കടുവ, പുലി എന്നിവക്കു പുറമെ കരടിയെയും കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് വന്യജീവികൾ ഭീതി സൃഷ്ടിക്കുന്നത് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വനം വകുപ്പ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.