കുമളി: ബസ്സ്റ്റാൻഡിൽനിന്ന് ദേശീയ പാതയിലേക്ക് ഇറങ്ങിവന്ന കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബസ് സെൻട്രൽ ജങ്ഷനിലേക്ക് തിരിയുന്നതിനിടെയാണ് റോഡരികിലൂടെ പോയ റോസാപ്പൂക്കണ്ടം സ്വദേശിനിയുടെ ദേഹത്ത് തട്ടിയത്. നിയന്ത്രണംതെറ്റി വീട്ടമ്മ ബസിനിടയിലേക്ക് വീണു. നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതാണ് വലിയ അപകടം ഒഴിവാക്കിയത്. പിൻചക്രത്തിനു സമീപത്ത് കിടന്ന വീട്ടമ്മയെ നാട്ടുകാർ വലിച്ച് പുറത്തെടുക്കുകയായിരുന്നു. മുഖത്തും കൈക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തേക്കടി ബൈപാസ് വഴി തേക്കടിയിലേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റാൻഡിൽനിന്ന് ഇറങ്ങിവരുന്ന ബസുകൾ, നാട്ടുകാരുടെ നിരവധി വാഹനങ്ങൾ എന്നിവയെല്ലാം വീതി കുറഞ്ഞ റോഡുവഴിയാണ് സെൻട്രൽ ജങ്ഷനിലെത്തുന്നത്. മൂന്നാർ, കട്ടപ്പന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തമിഴ്നാട്ടിലെ കമ്പം, തേനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കടന്നുപോകുന്നതും ഇതുവഴിയാണ്. തിരക്കേറിയ കവലയിൽ മിക്ക ദിവസവും ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാതെ വാഹനങ്ങൾ കൂടിപ്പിണഞ്ഞ് ഗതാഗതസ്തംഭനം ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇവിടെ പതിവായി വിമുക്തഭടന്മാരെയാണ് ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കാറ്. ഇതും പല ദിവസവും ഉണ്ടാകാറില്ല. മന്ത്രിമാർ ഉൾപ്പടെ വി.ഐ.പികൾ വരുമ്പോൾ മാത്രമാണ് പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടാകുക. സെൻട്രൽ ജങ്ഷനിൽ പൊലീസുകാർ ട്രാഫിക് ഡ്യൂട്ടിക്ക് ഇല്ലാത്തതിനാൽ കട്ടപ്പന ഭാഗത്തേക്കുള്ള ബസുകൾ വഴിമുടക്കി റോഡിനു നടുവിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് പലപ്പോഴും ദേശീയ പാതയിൽ വരെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വെള്ളിയാഴ്ച വീട്ടമ്മ ബസിനടിയിൽപെട്ടതും ഇവിടെ പൊലീസ് ഡ്യൂട്ടിക്കില്ലാത്തതിനാലാണെന്ന് നാട്ടുകാർ പറയുന്നു.
സംസ്ഥാന അതിർത്തി പട്ടണം കൂടിയായ കുമളി ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാതായിട്ടും നടപടി സ്വീകരിക്കാത്ത ഉന്നത ഉദ്യോഗസ്ഥരുടെ നടപടി നാട്ടുകാരിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.