മൂലമറ്റം: വെള്ളിയാഴ്ച വൈകീട്ട് പൂത്തേട് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അറക്കുളം പഞ്ചായത്തിലെ മെമ്പർമാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വാഗമൺ സ്റ്റേറ്റ് ഹൈവേയിലെ ശുചീകരണ പ്രവൃത്തികൾക്ക് ശേഷം മൂലമറ്റത്തേക്ക് ജീപ്പിൽ വരുമ്പോഴാണ് അപകടം. വൻ മഴയിൽ പുത്തേട് കട്ടക്കൽ റോഡിൽ കെട്ടിനിന്ന മഴവെള്ളം മല ഇടിച്ച് ഉരുൾപൊട്ടലിന് സമാനമായി വലിയ ശബ്ദത്തോടെ റോഡിലേക്ക് പതിക്കുകയായിരുന്നു. മൂന്ന് മെമ്പർമാരും, ആരോഗ്യ പ്രവർത്തകരും അടക്കം പത്തോളം പേർ ജീപ്പിലുണ്ടായിരുന്നു. മല ഇടിഞ്ഞ് ഒഴുകി എത്തിയ കല്ലും, മണ്ണും, വെള്ളവും ജീപ്പിലേക്ക് പതിക്കുകയും, റോഡരികിലെ വലിയ കൊക്കക്ക് സമീപം വരെ ഒഴുക്കി കൊണ്ട് പോവുകയും ചെയ്തു. യാത്രക്കാർ ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഒഴുക്കിന്റെ ശക്തി കുറഞ്ഞതും, വണ്ടിയുടെ ടയർ പഞ്ചറായി റോഡരികിൽ തടഞ്ഞ് നിന്നതിനാലുമാണ് വൻ അപകടം ഒഴിവായത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, മെമ്പർമാരായ ഓമന ജോൺസൻ, എലിസബത്ത് ജോൺസൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടക്കം വാഹനത്തിൽ ഉണ്ടായിരുന്നു.പിന്നാലെ വന്ന പഞ്ചായത്ത് മെമ്പർ പി.എ. വേലുക്കുട്ടനും പഞ്ചായത്തിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പ്രയത്നിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിച്ച് ജീപ്പ് ചെളിയിൽ നിന്നും കരക്ക് കയറ്റിയത്. പഞ്ചായത്ത് മെമ്പർ ഷിബു ജോസഫും മൂലമറ്റത്തെ ടാക്സി ഡ്രൈവർമാരും കൂടി എത്തിയതോടെയാണ് അപകടത്തിൽ പെട്ട വാഹനത്തിന്റെ ടയറുകൾ മാറ്റി റോഡിൽ നിന്നും നീക്കാനായത്. തുടർന്നാണ് വാഗമണ്ണിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡിൽ കെട്ടിക്കിടന്ന കല്ലും മണ്ണും നീക്കം ചെയ്തു. നൂറു കണക്കിന് വാഹനങ്ങളാണ് രണ്ട് മണിക്കൂറോളം പൂത്തേട് കടന്നുപോകാനാകാതെ ദുരിതത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.