എം.ഇ.എസ് കോളജിനെ മികവിന്‍റെ കേന്ദ്രമാക്കി പ്രഫ. എ. എം. റഷീദ് പടിയിറങ്ങുന്നു

നെടുങ്കണ്ടം: 30 വർഷത്തെ സർവിസ് കാലയളവിൽ 16 വർഷവും പ്രിൻസിപ്പൽ എന്ന റെക്കോഡുമായി നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് മേയ് 31ന് വിരമിക്കുന്നു. 1993ൽ പൊളിറ്റിക്സ് അധ്യാപകനായി സേവനമാരംഭിച്ചു. 2006ലാണ് എം.ഇ.എസ് കോളജിന്‍റെ പ്രിൻസിപ്പലായത്.

ഈ കാലയളവിൽ കോളജ് മികച്ച നേട്ടങ്ങൾ കൈവരിച്ചതായി പൂർവവിദ്യാർഥികളും അധ്യാപകരും പറയുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ മാത്രമൊതുങ്ങാതെ എണ്ണമറ്റ സാമൂഹിക സേവനമേഖലകളിൽ കർമനിരതനായ വ്യക്തിയായിരുന്നു. ഇടുക്കി ജില്ലയുടെ പ്രാദേശിക ചരിത്രത്തിലേക്ക് നിർണായക തെളിവുകൾ പ്രദാനംചെയ്യുന്ന നിരവധി ചരിത്രരേഖകളുടെ ശേഖരമടങ്ങുന്ന ഇടുക്കി ഷെൽഫ് അദ്ദേഹത്തിന്‍റെ ആശയവും പ്രവർത്തനഫലവുമാണ്. മുല്ലപ്പെരിയാർ കരാറിന്‍റെ ഒറിജിനൽ കോപ്പി ഉൾപ്പെടെ രേഖകൾ കോളജ് ലൈബ്രറിയിലെ ഇടുക്കി ഷെൽഫിന്‍റെ ഭാഗമാണ്.

മെഡിക്കൽ ക്യാമ്പുകൾ, മാറാരോഗികൾക്കായി ജീവനിധി പദ്ധതി, വിധവക്ക് വീടുവെച്ചുനൽകൽ പദ്ധതി, ഗ്രാമതലങ്ങളിൽ ലോകസിനിമ പ്രദർശിപ്പിക്കുന്ന ടൂറിങ് ടാക്കീസ് എന്നിവയും പ്രഫ. റഷീദിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളാണ്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് 2009ൽ വനമിത്ര അവാർഡും എം.ഇ.എസ് കോളജിനെ തേടിയെത്തി. 2007ൽ കോളജിന് ന്യൂനപക്ഷപദവി ലഭിച്ചു. കോളജിന് നാക് അക്രഡിറ്റേഷൻ ലഭ്യമാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

കേരള പ്രസ് അക്കാദമിയിൽനിന്ന് ജേണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ നേടിയ എ.എം. റഷീദ് ഇന്‍റർനാഷനൽ റിലേഷൻസ്, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്സിറ്റി സെനറ്റ് മെംബറായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് മെംബറുമാണ്. എം.ജി യൂനിവേഴ്സിറ്റി പ്രിൻസിപ്പൽസ് കൗൺസിലിന്‍റെ റീജനൽ ജോയന്‍റ് സെക്രട്ടറി, എക്സിക്യൂട്ടിവ് മെംബർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 

Tags:    
News Summary - MES College has been made a center of excellence Prof. A. M. Rashid steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.