മൂന്നാർ: 2018ലെ പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. കോളജിന്റെ പുനർനിർമാണത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാൻ സർവേ നടപടികൾ തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ രണ്ടുമാസം മുമ്പ് നടന്ന യോഗത്തിലാണ് കോളജിന്റെ പുനർനിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ തീരുമാനമായത്.
റൂസയുടെ മോഡൽ കോളജായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ 10 ഏക്കർ ഭൂമിയാണ് കെട്ടിടങ്ങൾ നിർമിക്കാനും മറ്റും വേണ്ടത്. നിലവിൽ കോളജ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്ന ഡി.ടി.പി.സിയുടെ സ്ഥലവും സമീപത്തുള്ള റവന്യൂ ഭൂമി, മൂന്നാർ എൻജിനീയറിങ് കോളജിന്റെ ഭൂമി എന്നിവിടങ്ങളിൽനിന്നുള്ള 10 ഏക്കറാണ് കണ്ടെത്താൻ തീരുമാനിച്ചിട്ടുള്ളത്.
ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ സർവേയർമാരായ എസ്. റൈഷാദ്, രാധാകൃഷ്ണ പിള്ള, ദേവികുളം താലൂക്ക് സർവേയർ ബി. അഫ്സൽ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തുന്നത്.
കോളജിന് ഭൂമി നൽകുന്നതിനു പകരം ഡി.ടി.പി.സിക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന കോളജിന്റെ ദേവികുളം റോഡിലെ പഴയ ഭൂമിയിലും സർവേ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.