മൂന്നാർ: കൺമുന്നിൽ എത്തുന്ന കടുവയും നഷ്ടമാകുന്ന വളർത്തുമൃഗങ്ങളും മൂലം ഉറക്കം ഇല്ലാതെ കഴിയുകയാണ് തോട്ടം തൊഴിലാളികളുടെ ഒരു ഗ്രാമം. പെരിയവാര ചോലമല ഡിവിഷനിലെ നൂറുകണക്കിന് കുടുംബങ്ങളാണ് മാസങ്ങളായി കടുവയെ ഭയന്നുജീവിക്കുന്നത്. നാലുമാസത്തിനിടയിൽ നാല് പശുക്കളെ കടുവ കൊന്ന പ്രദേശമാണ് ചോലമല. ഇത്രനാളും കേട്ടറിവായിരുന്ന കടുവ കഴിഞ്ഞദിവസം കൺമുന്നിൽ എത്തിയതോടെയാണ് തൊഴിലാളികൾക്ക് െശരിക്കും ഉറക്കം നഷ്ടപ്പെട്ടത്.
കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്നവരാണ് ലയങ്ങളിൽ ഏറെയും. രാവിലെ തോട്ടത്തിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികൾ വൈകീട്ടാണ് തിരിച്ചെത്തുന്നത്. ഇങ്ങനെ തിരിച്ചുവരാത്ത പശുക്കളെ അന്വേഷിച്ചെത്തിയപ്പോഴാണ് പലതിനെയും ചത്തനിലയിൽ കണ്ടെത്തിയത്. ഇതുവരെ നാല് പശുക്കളാണ് ചത്തത്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് കടുവ ജനങ്ങളുടെ മുന്നിലിട്ട് ഒരു പശുവിനെ കൊന്നത്.
പൂർണ ഗർഭിണിയായ പശുവിനെ ഓടിച്ചുകൊണ്ടുവന്ന് ഉടമയായ കന്തസാമിയുടെ മുന്നിൽവെച്ച് ആക്രമിക്കുകയായിരുന്നു. കടുവയെക്കണ്ട് ഭയന്നോടിയ നാട്ടുകാർ തിരിച്ചെത്തിയപ്പോഴേക്കും പശു ചത്തു. കടുവ തേയില തോട്ടത്തിൽ മറയുകയും ചെയ്തു. കന്തസാമിയുടെ തന്നെ മറ്റൊരു പശുവിനെയും രണ്ടുമാസം മുമ്പ് കടുവ കൊന്നിരുന്നു.
കാട്ടിൽനിന്ന് ഇറങ്ങി തേയില തോട്ടത്തിൽ വിഹരിക്കുന്നത് കടുവ പതിവാക്കിയതോടെ തൊഴിലാളികൾ ഭീതിയിലായിരിക്കുകയാണ്. തോട്ടത്തിൽ ജോലിക്കുപോകാനും കുട്ടികളെ സ്കൂളിൽ അയക്കാനും കഴിയാതെ ഭയന്നുകഴിയുകയാണ് നാട്ടുകാർ.
മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന കടുവയെ ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ പ്രതീക്ഷിച്ച് കഴിയുകയാണ് ഇവർ. വനം വകുപ്പിന് നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രദേശത്ത് കൂട് സ്ഥാപിച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.