നെടുങ്കണ്ടം (ഇടുക്കി): സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കാനായി ആമപ്പാറ മലനിരകൾക്ക് ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു. ഇതോടെ ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത ലോക ടൂറിസം ഭൂപടത്തിലേക്ക്. പാറയിടുക്കിലൂടെ ഒരാൾക്ക് കഷ്ടിച്ച് പോകാൻ കഴിയുന്ന നടപ്പാത ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.
ആമപ്പാറയിൽ നടന്നുപോയ ശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്ത് എത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ച് മറുവശത്ത് എത്തിയാൽ പ്രകൃതിഭംഗിയും ആസ്വദിക്കാം. ന്യൂസിലൻഡ്, അമേരിക്ക, ചൈന, ജപ്പാൻ, ഈജിപ്ത് രാജ്യങ്ങളിലാണ് പാറയിടുക്കുകളിലൂടെയുള്ള സാഹസിക യാത്ര. ഇപ്പോൾ രാമക്കൽമേടിന് സമീപത്താണ് സാഹസിക സഞ്ചാരികൾക്കു പാറയിടുക്കിനിടയിലൂടെ സഞ്ചരിക്കാവുന്ന വിധത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിനായാണ് സ്റ്റീലിൽ നിർമിച്ച സുരക്ഷ വേലി.
ദൂരെനിന്ന് നോക്കിയാൽ മലനിരകളിലെ സുരക്ഷവേലി ചൈന വൻമതിലിനെ ഓർമിപ്പിക്കും. സുരക്ഷ വേലി സ്ഥാപിച്ചതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഭാഗമായാണ് വേലി നിർമിച്ചത്. കേരള തമിഴ്നാട് അതിർത്തിയായ ആമപ്പാറയിൽ സന്ദർശകരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ ആമപ്പാറയുടെ സൗന്ദര്യം ആസ്വദിച്ചാണ് മടങ്ങുന്നത്. തമിഴ്നാടിെൻറ മനോഹാരിതയും വലിയ പാറകളും നിറഞ്ഞതാണ് ആമപ്പാറ. ഇവിടേക്ക് ഓഫ് റോഡ് ജീപ്പ് സവാരി ഉള്ളതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷക്കുമുള്ള വിവിധ പദ്ധതികളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഇരിപ്പിടങ്ങൾ, ടോയ്ലറ്റ് കോംപ്ലക്സ്, 20 മീറ്റർ ഉയരമുള്ള വാച്ച്ടവർ, സ്നാക്സ് ബാർ എന്നിവയും നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും ഏർപ്പെടുത്തും. അടുത്തഘട്ടത്തിൽ തൂക്കുപലാം ഉൾെപ്പടെ സ്ഥാപിക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.