നെടുങ്കണ്ടം: കോടികൾ ചെലവഴിച്ച് ആമപ്പാറയിൽ നിർമിച്ച വാച്ച് ടവർ ഒരു വർഷം പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തില്ല. മാത്രമല്ല അങ്ങിങ്ങായി തുരുമ്പെടുത്തും തുടങ്ങി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട് ആമപ്പാറ വാച്ച് ടവറാണ് ഉദ്ഘാടനം പോലും കഴിയാതെ നാൾക്ക് നാൾ നശിക്കുന്നത്. രാമക്കൽമേട്ടിൽ നിന്നും ആറ് കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ആമപ്പാറ. ആമപ്പാറയുടെ സമഗ്രവികസനത്തിനായി ടൂറിസം ഡിപ്പാർട്ട്മെന്റ് 3.96 കോടി ചെലവിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. വാച്ച് ടവർ, ടിക്കറ്റ് കൗണ്ടർ, ശുദ്ധജല ടാങ്ക്, സ്റ്റീൽ കൊണ്ടുള്ള വേലി, ശുചിമുറി സമുച്ചയം, ഇരിപ്പിടങ്ങൾ തുടങ്ങിയവ നിർമിക്കാനായിരുന്നു പദ്ധതി.
സ്റ്റീൽ വേലികളുടെ നിർമാണവും വാച്ച് ടവർ നിർമാണവും ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നു. ആമപ്പാറയിൽ എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാനായി ദൂരദർശിനി സജ്ജീകരണങ്ങൾ ഉള്ള വാച്ച് ടവർ ഉൾപ്പെടെ സ്ഥാപിക്കാനായിരുന്നു പദ്ധതി. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആമപ്പാറയിലെ വാച്ച് ടവറിൽ നിന്നും ദൂരദർശിനി ഉപയോഗിച്ച് വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാനാവും. എന്നാൽ നിർമാണം പൂർത്തിയാക്കി ഒരു വർഷം പിന്നിട്ടിട്ടും വാച്ച് ടവർ സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ടില്ല. അശാസ്ത്രീയ നിർമാണം കാരണം ഉദ്ഘാടനത്തിന് മുമ്പേ വാച്ച് ടവർ നശിച്ചു തുടങ്ങിയതായി പ്രദേശവാസികൾ ആരോപിക്കുന്നു.
വാച്ച് ടവർ നിർമാണത്തിലെ അശാസ്ത്രീയത കാരണമാണ് ടവർ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാച്ച് ടവറിൽ കയറുമ്പോൾ ബലക്ഷയം അനുഭവപ്പെടുന്നതിനാലാണ് തുറന്നുകൊടുക്കാത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ടവർ നിർമാണം പൂർത്തിയാകുന്നതേയുള്ളൂ എന്ന് ഡി.ടി.പി.സി വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.