നെടുങ്കണ്ടം: ജില്ല ഇൻക്ലൂസീവ് കായികമേളക്ക് നെടുങ്കണ്ടത്ത് തുടക്കം; ഹീറോയായി അമീൻ അഷ്റഫ്. 2.8 അടി മാത്രം ഉയരമുള്ള അമീൻ സ്റ്റാൻഡിങ് ബാൾ ത്രോ മത്സരത്തിൽ പങ്കെടുത്താണ് കരഘോഷം ഏറ്റുവാങ്ങിയത്. ഒപ്പം മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേർന്നാണ് ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചത്. കുമാരമംഗലം എം.കെ.എൻ.എം.എച്ച്. എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അമീൻ തൊടുപുഴ ഏഴല്ലൂർ കൈനിക്കൽ അഷ്റഫ് - ഷാഹിദ ദമ്പതികളുടെ പുത്രനാണ്.
മത്സരത്തിനു മുന്നോടിയായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നെടുങ്കണ്ടം കിഴക്കേക്കവലയിലേക്ക് നടന്ന വിളംബരജാഥ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിജിമോൾ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ജില്ല പഞ്ചായത്തംഗം ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ല സ്പോർട്സ് കൗൺസിലംഗം ടി.എം.ജോൺ കായികതാരങ്ങളുടെ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ പതാകയുയർത്തി. കായികതാരങ്ങൾ സ്റ്റേഡിയത്തിലെത്തിച്ച ദീപശിഖ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ജയകുമാർ ഏറ്റുവാങ്ങി. ജില്ലയിലെ എട്ട് ബി.ആർ.സി.കളിൽ നിന്ന് 300 ഓളം കായികതാരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.