നെടുങ്കണ്ടം: തൂക്കുപാലം മാർക്കറ്റ് മാലിന്യച്ചന്തയായി മാറി. കരുണാപുരം പഞ്ചായത്തിന്റെ തൂക്കുപാലം മാർക്കറ്റിലാണ് മാലിന്യം കുന്നുകൂടുന്നത്. പൊതുമാർക്കറ്റിന്റെ അവസ്ഥ ഏറെ ദയനീയമാണ്. പകര്‍ച്ചവ്യാധികള്‍ പടരുമോ എന്ന ഭീതിയിലുമാണ് പ്രദേശവാസികൾ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളുടെ സംഗമസ്ഥാനമാണ് തൂക്കുപാലം മാര്‍ക്കറ്റ്. പ്രദേശത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കുഷ്ഠരോഗവും ഹെൽത്ത് സെന്ററുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റാണ് തൂക്കുപാലം. ചന്ത ദിവസം ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകളും വിവിധ ഉൽപന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്. മുഴുവൻ മാലിന്യവും തള്ളാനുള്ള കേന്ദ്രമായി മാർക്കറ്റ് മാറി. മാലിന്യം മലപോലെ കുമിഞ്ഞുകൂടി ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്.
ഇരുട്ടിന്റെ മറവിൽ മാലിന്യം പ്രദേശത്ത് വാഹനങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്. വഴിവിളക്കുകൾ പലതും തെളിയാത്ത അവസ്ഥയിലാണ്. രോഗികൾ ഉപയോഗിക്കുന്ന ഡൈപ്പർ, സിറിഞ്ചുകൾ എന്നിവക്ക് പുറമെ മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങൾ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുകയാണ് പ്രദേശം. മഴ പെയ്ത് മാലിന്യം വെള്ളത്തിൽ ലയിച്ച് മാർക്കറ്റിലുടെ മാലിന്യം ഒഴുകുകയാണ്. കൊതുക് പെരുകി പ്രദേശത്തെ ജീവിതവും ദുസ്സഹം. സമീപത്തെ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. നിരവധി തവണ വിവരം കരുണാപുരം പഞ്ചായത്തിനെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.