നെടുങ്കണ്ടം: ഐ.എച്ച്.ആര്.ഡി കോളജിന് കെട്ടിട നിർമാണത്തിന് അഞ്ചു കോടി അനുവദിച്ച് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഫയലിലുറങ്ങുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥലം വാങ്ങി ഐ.എച്ച്.ആര്.ഡിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കി വെറുതെ അഞ്ചു വര്‍ഷം നഷ്ടപ്പെട്ടതല്ലാതെ ഒരു നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. ടെൻഡര്‍ നടപടികള്‍പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന നെടുങ്കണ്ടം കോളജിന് കെട്ടിടം നിര്‍മിക്കാൻ ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവിലാണ് ഗ്രാമപഞ്ചായത്ത് പച്ചടിയില്‍ അഞ്ചേക്കര്‍ വാങ്ങി ഐ.എച്ച്.ആര്.ഡിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിനായി ധനവകുപ്പ് അഞ്ചു കോടി അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊതുമരാമത്ത് പറയുന്നത് ഫണ്ടില്ലെന്നാണ്. ഐ.എച്ച്.ആര്.ഡിക്ക് ഭൂമി കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ കോളജ് അടച്ചുപൂട്ടാന്‍ സർവകലാശാല സിന്‍ഡിക്കേറ്റ് യോഗം പലതവണ തീരുമാനിച്ചിരുന്നു. സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ 2016 അധ്യയന വര്‍ഷം മുതല്‍ കോളജിന് അംഗീകാരം നല്‍കേണ്ടെന്ന തിരുമാനത്തിലുമായിരുന്നു എം.ജി സർവകലാശാല. അടച്ചുപൂട്ടുന്നതിനെതിരെ വിവിധ സംഘടനകളും വിദ്യാർഥികളും സമരവുമായി രംഗത്തെത്തുകയായിരുന്നു.
നിരന്തര സമരങ്ങളെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് തീരുമാനങ്ങളില്‍നിന്ന് താല്‍ക്കാലികമായി പിന്മാറുകയായിരുന്നു. ഇതിനിടെ കോളജിന് ഭൂമി വാങ്ങുന്നതിനെയും പ്രദേശത്തെച്ചൊല്ലിയും തര്‍ക്കം രൂക്ഷമായിരുന്നു. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്ന വിദ്യാഭ്യാസ സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും കഴിഞ്ഞ കാലങ്ങളില്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്.
14 വര്‍ഷമായി സ്ഥാപനം ടൗണില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നെടുങ്കണ്ടത്തിന് അനുവദിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് രണ്ട് വര്‍ഷത്തിനകം സ്വന്തമായി സ്ഥലം വാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
നിലവില്‍ ബി.എസ്സി കമ്പ്യൂട്ടര്‍, ബി.കോം കമ്പ്യൂട്ടര്‍ കോഴ്സുകളാണുള്ളത്. എം.കോം, ബി.കോം ട്രാന്സേഴ്സ് എന്നീ കോഴ്സുകള്‍ക്കുകൂടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കെട്ടിടത്തിന്റെ അസൗകര്യം മൂലം ലഭിച്ചിട്ടില്ല. നൂറോളം വിദ്യാർഥികളും അധ്യാപകരടക്കം 20ഓളം ജീവനക്കാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.