നെടുങ്കണ്ടം: ഉടുമ്പൻചോലയിലെ രണ്ട് ഏലത്തോട്ടങ്ങളിലെ ജോലികൾ കാട്ടാന ശല്യം മൂലം നിർത്തിവെച്ചു. ഒരു കുട്ടിയാനയും ഒരു കൊമ്പനും മൂന്ന് പിടിയാനകളും ചേർന്ന സംഘമാണ് ഏലത്തോട്ടത്തിൽ തുടരുന്നത്.
കേരള-തമിഴ്നാട് അതിർത്തിയോടു ചേർന്ന ഭാഗങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് ദിവസങ്ങളായി കാട്ടാനക്കൂട്ടങ്ങൾ തുടരുന്നത്. പ്രദേശത്തെ കർഷകർ വനം വകുപ്പ് ഓഫിസിലെത്തി പരാതി പറഞ്ഞതോടെ ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
ഒന്നരമാസമായി പാമ്പാടുംപാറ പഞ്ചായത്തിലും പരിസരത്തും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
കുമളി-മൂന്നാർ സംസ്ഥാന പാതയിലും സന്യാസിയോട, ബാലഗ്രാം, പുളിയന്മല തുടങ്ങി പാമ്പാടുംപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിലാണ് കാട്ടുപോത്തിന്റെ ശല്യം. മൂന്നാഴ്ച മുമ്പ് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താൻ എത്തുന്ന വഴി കാട്ടുപോത്തിനെ കണ്ടെത്തി.
എന്നാൽ, കാട്ടുപോത്ത് അടുത്തുള്ള എലത്തോട്ടത്തിലേക്ക് ഓടിക്കയറി കടന്നുകളയുകയായിരുന്നു. സംസ്ഥാന പാതയിലും പലതവണ കാട്ടുപോത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടങ്ങളിൽ ഇറങ്ങി നശിപ്പിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.