നെടുങ്കണ്ടം: ഒരുവശത്ത് കാട്ടാനയെയും മറുവശത്ത് തമിഴ്നാട് വനം വകുപ്പിനെയും ഭയന്ന് കർഷക കുടുംബം. ആറ് പതിറ്റാണ്ടിലധികമായി തങ്ങളുടെ കൈവശമിരിക്കുന്ന സ്വന്തം വീടിനും ഭൂമിക്കും തമിഴ്നാട് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ കിടപ്പാടം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് അണക്കരമെട്ടിലെ കർഷക കുടുംബം. നെടുങ്കണ്ടം പുഷ്പക്കണ്ടം അണക്കരമെട്ട് സ്വദേശി ഇളങ്കോവെൻറ ഉടമസ്ഥതയിലെ ഒന്നരയേക്കർ ഭൂമിക്കാണ് തമിഴ്നാട് വനം വകുപ്പ് അവകാശ വാദം ഉന്നയിച്ചത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നെടുങ്കണ്ടം പഞ്ചായത്ത് സൗരോർജ വേലി നിർമാണം ആരംഭിച്ചതോടെയാണ് തമിഴ്നാട് രംഗത്തെത്തിയത്.
ഉടുമ്പന്‍ചോല താലൂക്കിലെ പാറത്തോട് വില്ലേജില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്. 1958ലാണ് തമിഴ്നാട് കോമ്പെ സ്വദേശികളായ ഇളങ്കോവെൻറ കുടുംബം അണക്കരമെട്ടില്‍ എത്തുന്നത്. ഏലം കുത്തകപ്പാട്ട വ്യവസ്ഥയിലുള്ള അഞ്ചേക്കര്‍ ഭൂമി ഇവിടെ ഇവര്‍ക്കുണ്ട്. വര്‍ഷങ്ങളായി പാറത്തോട് വില്ലേജില്‍ കരം അടക്കുന്നതാണ്.
കാട്ടാനക്കൂട്ടം വരുന്ന വനപാതക്ക് സമീപത്താണ് വീട്. രണ്ട് വർഷം മുമ്പ് കാട്ടാന വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയിരുന്നു. ആന ശല്യത്താൽ പൊറുതിമുട്ടി നിരവധി പരാതികൾക്കൊടുവിലാണ് നെടുങ്കണ്ടം പഞ്ചായത്ത് വേലി നിർമിക്കാൻ തുടങ്ങിയത്.
എന്നാല്‍, കഴിഞ്ഞ ദിവസം തമിഴ്നാട് വനം നിര്‍മാണം തടസ്സപ്പെടുത്തി. തുടർന്ന് തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമെതിരെ ഇളങ്കോവെൻറയും പഞ്ചായത്തിെൻറയും പരാതി നെടുങ്കണ്ടം പൊലീസിലും കലക്ടറേറ്റിലുമുണ്ട്. തർക്കം പരിഹരിക്കാൻ ഇരുസംസ്ഥാനത്തെയും റവന്യൂ, വനം വകുപ്പുകൾ ചർച്ചക്ക് തീരുമാനിച്ചിരുന്നു.
ഇടുക്കിയിൽനിന്ന് റവന്യൂ, പൊലീസ് സംഘം അണക്കരമെട്ടിലെത്തിയെങ്കിലും തമിഴ്നാട്ടിൽനിന്ന് ആരും വന്നില്ല. ഭൂമിയില്‍നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് തങ്ങളോട് ആവശ്യപ്പെട്ടതായും ഇളങ്കോവെൻറ കുടുംബാംഗങ്ങള്‍ പറയുന്നു. നെടുങ്കണ്ടം പഞ്ചായത്തിെൻറ വീട്ടുനമ്പറും വൈദ്യുതി കണക്ഷനും മറ്റ് രേഖകളും ഈ കുടുംബത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.