നെടുങ്കണ്ടം: 70കാരിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് പുനഃസ്ഥാപിച്ചു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വിധവയായ വയോധികയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃസ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിക്കുകയായിരുന്നു.
തൂക്കുപാലം സ്വദേശിനി കാര്‍ത്യായനിയമ്മയുടെ അക്കൗണ്ടാണ് ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചത്. നാലുവര്‍ഷം മുമ്പ് ആളുമാറി അക്കൗണ്ടില്‍ പണം എത്തിയതാണ് മരവിപ്പിക്കാന്‍ കാരണം. തൊഴിലുറപ്പ് പണിക്കൂലിയും പെന്‍ഷനുമെല്ലാം ഈ അക്കൗണ്ടിലാണ് എത്തിയിരുന്നത്. അർബുദത്തിന് ചികിത്സയിലുള്ള ഇവര്‍ക്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാൻ കഴിയാതായി.
2018 ജൂലൈയില്‍ ചികിത്സസഹായമായി ആരോഗ്യവകുപ്പ് അനുവദിച്ച 50,000 രൂപ അക്കൗണ്ടിൽ എത്തിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ഒക്ടോബറില്‍ വീണ്ടും 50,000 രൂപ കൂടി എത്തി. രണ്ടുതവണ അക്കൗണ്ടിൽ പണമെത്തിയത് എഴുത്തും വായനയും വശമില്ലാത്ത കാര്‍ത്യായനിയമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി ചെലവിനും വീട്ടുചെലവിനുമായി പലപ്പോഴായി പണം പിന്‍വലിച്ചുകൊണ്ടിരുന്നു. കഴിഞ്ഞദിവസം പണം പിന്‍വലിക്കാന്‍ എസ്.ബി.ഐ തൂക്കുപാലം ശാഖയില്‍ എത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം അറിയുന്നത്.
അധികമായി അക്കൗണ്ടിലെത്തിയ 50,000 രൂപ തിരികെ അടക്കണമെന്ന് പറഞ്ഞാണ് മരവിപ്പിച്ചത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ മന്ത്രി ഇടപെടുകയായിരുന്നു. അക്കൗണ്ട് പുനഃസ്ഥാപിച്ചതായി തൂക്കുപാലം എസ്.ബി.ഐ മാനേജര്‍ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അരലക്ഷം രൂപയുടെ കടക്കാരിയായിരിക്കുകയാണ് ഈ വയോധിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.