നെടുങ്കണ്ടം: ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് ആദ്യ ഇടത്താവളമായ കമ്പംമെട്ടിൽ ഇത്തവണയും സ്ഥിരം ഇടത്താവളം യാഥാർഥ്യമായില്ല. മണ്ഡലവ്രതം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേ അതിര്‍ത്തി പട്ടണമായ കമ്പംമെട്ട് വഴിയുള്ള അയ്യപ്പഭക്തരുടെ തീർഥാടനം ഇക്കുറിയും ദുരിതക്കയത്തിലാകുമെന്ന് ഉറപ്പായി. ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ താൽക്കാലിക സംവിധാനവും ഒരുങ്ങിയില്ല.
കമ്പംമെട്ടിൽ സ്ഥിരം ഇടത്താവളം സ്ഥാപിക്കാൻ 2019ലെ ബജറ്റിൽ നാലുകോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. ഇതിനായി കരുണാപുരത്ത് സ്ഥലം ഏറ്റെടുത്ത് സർക്കാറിന് കൈമാറുന്നതിന് നടപടിയും തുടങ്ങി. എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ ഉണ്ടായില്ല. 2022 ജനുവരിയിൽ പദ്ധതിയുമായി സർക്കാർ വീണ്ടും രംഗത്തെത്തി.
ഇടത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ കരുണാപുരം പഞ്ചായത്തിന് ആദ്യഘട്ട തുക അനുവദിച്ചു. ഇതോടെ കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനൽകിയ 20 സെന്റ് സ്ഥലം അടക്കം 65 സെന്റ് വാങ്ങി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി.
എന്നാൽ പിന്നീടുള്ള ബജറ്റുകളിലൊന്നും ഇടത്താവള നിർമാണത്തിന് തുക അനുവദിച്ചില്ല. തീർഥാടനകാലത്ത് സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ഭക്തർ തമിഴ്നാട്ടിലെ കമ്പത്തെത്തി കമ്പംമെട്ടുവഴി സംസ്ഥാനത്ത് പ്രവേശിച്ചാണ് ശബരിമലയിലേക്ക് പോകുന്നത്.
ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി ദർശനം കഴിഞ്ഞെത്തുന്ന ഭക്തർ കുമളിവഴിയാണ് തമിഴ്നാട്ടിലേക്ക് മടക്കം. അതിനാൽ കമ്പംമെട്ടിൽ ഭക്തർക്കായി പാർക്കിങ് സൗകര്യം, ശൗചാലയങ്ങൾ, വിശ്രമകേന്ദ്രം, വഴിവിളക്കുകൾ, ഇൻഫർമേഷൻ സെന്റർ, വൈദ്യസഹായം എന്നിവയെല്ലാം ആവശ്യമുണ്ട്. ഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും സൗകര്യങ്ങള്‍ ഇവിടില്ല. റോഡുവക്കിലെ പാർക്കിങ് പലവിധ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. ഭക്തര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മലമൂത്ര വിസര്‍ജനത്തിന് ആവശ്യത്തിന് സൗകര്യമില്ലെന്നതാണ്.
ശുചിമുറികള്‍ സ്ഥാപിക്കാന്‍ എല്ലാ വര്‍ഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. ടൗണിലെ മാലിന്യങ്ങള്‍ അനുദിനം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ചെവിക്കൊള്ളുന്നില്ല. സ്ഥിരംസംവിധാനം ഇല്ലാത്തതിനാൽ കരുണാപുരം പഞ്ചായത്താണ് കമ്പംമെട്ടിൽ താൽക്കാലിക ഇടത്താവളം ഒരുക്കാറ്. സാമ്പത്തികസഹായം സർക്കാർ നൽകാത്തതിനാൽ പരിമിതമായ സൗകര്യങ്ങളാണ് ഇത്തവണയും ഇവിടെ. കഴിഞ്ഞതവണ ഇടത്താവളമായി ഉപയോഗിച്ചിരുന്ന കെട്ടിടം കാടുപിടിച്ച് മാലിന്യം കൂട്ടിയിടുന്ന കേന്ദ്രമാണിപ്പോൾ.
ആവശ്യത്തിന് ദിശാബോർഡുകളും വെളിച്ചത്തിനുള്ള സംവിധാനങ്ങളും കമ്പംമെട്ടിലില്ല. തീർഥാടനകാലം ആരംഭിക്കും മുമ്പ് കമ്പംമെട്ടിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുമെന്നാണ് കരുണാപുരം പഞ്ചായത്ത് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.