നെടുങ്കണ്ടം: കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ അനധികൃത പാറ ഖനനം നടത്തിയ വ്യക്തിയുടെ എസ്കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു. വാഹനങ്ങള്‍ കമ്പംമെട്ട് പൊലീസിന് കൈമാറി. കരുണാപുരം കട്ടേക്കാനം ഭാഗത്ത് റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അനധികൃത പാറ ഖനനം കണ്ടെത്തിയത്.
കരുണാപുരത്ത് സ്വകാര്യവ്യക്തികള്‍ കെട്ടിട നിര്‍മാണത്തിന്റെ മറവിലും മറ്റും വന്‍തോതില്‍ പാറഖനനം നടത്തി വരുന്നതായി ലഭിച്ച പരാതിയിലാണ് റവന്യൂ വകുപ്പ് സ്ഥലം സന്ദര്‍ശിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഖനനം നടക്കുന്നതായി വില്ലേജ് അധികൃതര്‍ കണ്ടെത്തിയത്. അനുമതി ഇല്ലാതെയാണ് ഖനനം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിയമാനുസൃത അനുമതി കൂടാതെ വന്‍തോതില്‍ കരിങ്കല്ല് ഖനനം നടത്തിയതായാണ് റവന്യു അധികൃതരുടെ കണ്ടെത്തല്‍. മൈനര്‍ മിനറല്‍ കണ്സഷന് ചട്ടപ്രകാരവും വ്യവസായ വകുപ്പിന്റെ ഉത്തരവ് പ്രകാരവും ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിച്ചതായി റവന്യു അധികൃതര്‍ അറിയിച്ചു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മുഖേന തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് റവന്യൂ സംഘത്തിന്റെ നീക്കം.
ഇതിനായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കരുണാപുരം വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേഖലയില്‍ അനധികൃത ഖനനം വ്യാപകമാണെന്ന് പരാതികള്‍ ഉള്ളതിനാല്‍ പരിശോധന ശക്തമാക്കുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.