നെടുങ്കണ്ടം: ജില്ലയിലെ കായിക പ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഫെബ്രുവരി മൂന്നിന് വിസില്‍ മുഴങ്ങും. സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാന് ആദ്യ വിസില്‍ മുഴക്കുന്നതോടെ ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ക്ക് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം സജ്ജമാകും. കായികവകുപ്പും കിഫ്ബിയും ചേര്‍ന്ന് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബാള്‍ ഫീല്ഡുമടങ്ങുന്ന, രാത്രിയിലും പകലും ഒരു പോലെ മത്സരം നടത്താന്‍ കഴിയുന്ന ഫ്ലഡ്ലിറ്റ് സ്റ്റേഡിയമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ഹൈ ആള്‍ട്ടിറ്റ്യൂഡ് പദവിയുള്ള ദക്ഷിണേന്ത്യയിലെ ഏക സിന്തറ്റിക് സ്റ്റേഡിയം എന്ന പ്രത്യേകതയും നെടുങ്കണ്ടം സ്റ്റേഡിയത്തിന് സ്വന്തം. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൊണ്ടാണ് ട്രാക്ക് നിര്‍മിച്ചത്. ട്രാക്കിന്റെ ആദ്യഭാഗം പത്ത് ലൈനുകള്‍ ഉള്ള നൂറ് മീറ്റര്‍ ട്രാക്കും ബാക്കി ഭാഗം എട്ട് ലൈനുകളോടു കൂടിയ ട്രാക്കുമാണ്. 13.2 മില്ലി മീറ്റര്‍ ഘനമാണ് സിന്തറ്റിക് ട്രാക്കിന്. 4.95 ഏക്കര്‍ സ്ഥലത്താണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് നട്ടുപിടിപ്പിച്ചത്. 10 കോടി കിഫ്ബിയും, മൂന്ന് കോടി സംസ്ഥാന സര്‍ക്കാരും ഒരു കോടി ഗ്രാമ പഞ്ചായത്തും മുടക്കി. ജില്ലയിലെ കായിക താരങ്ങള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന് സൗകര്യമൊരുങ്ങുന്നതിനൊപ്പം സ്കൂള്‍ മീറ്റുകള്‍, മറ്റ് സംസ്ഥാന - ദേശീയ മത്സരങ്ങളും ഇവിടെ നടത്താന്‍ കഴിയും. 2005 - 2010 കാലത്ത് അഞ്ചു സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലം സ്റ്റേഡിയത്തിനായി ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുകയായിരുന്നു. പൊലീസ് സ്റ്റേഷന്, സബ്ട്രഷറി, താലുക്കാശുപത്രി എന്നിവക്ക് നടുവിലായി ആറേക്കര്‍ ഭൂമി റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനാണ് 2009 ഫെബ്രുവരി 23 ന് സ്റ്റേഡിയത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.