നെടുങ്കണ്ടം: തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി വരയുടെ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് ടുട്ടുമോൻ എന്ന നിശാന്ത്. സ്ക്രൂകൊണ്ട് വരച്ചെടുത്ത സുരേഷ് ഗോപിയുടെ ചിത്രമാണ് ഇടുക്കി തൂക്കുപാലം സ്വദേശിയായ ഇൗ യുവകലാകാരെൻറ ഏറ്റവും പുതിയ സൃഷ്ടി. നാലടി ഉയരവും നാലടി വീതിയുമുള്ള ഇൗ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രൂ കാന്‍വാസായി പരിഗണിക്കപ്പെടുന്നു.
32,423 സ്ക്രൂ ഉപയോഗിച്ച് 144 മണിക്കൂര്‍കൊണ്ടാണ് ടുട്ടുമോന് സുരേഷ് ഗോപിയുടെ ചിത്രം നിര്‍മിച്ചത്. ചിത്രം പൂര്‍ത്തിയായപ്പോള്‍ 30,000 രൂപ ചെലവായി. ടുട്ടുമോെൻറ ആഗ്രഹം അറിഞ്ഞ് സഹോദരീ ഭര്‍ത്താവ് സുരേന്ദ്രനും സുഹൃത്തുക്കളും സഹായവുമായി എത്തി. അക്കാദമിക് ബിരുദങ്ങളോ ഗുരുനാഥന്മാരോ ഇല്ലാതെയാണ് ഏഴു വര്‍ഷത്തോളമായി ടുട്ടുമോെൻറ ചിത്രരചന. അതും വെറും പെന്‍സിൽ മാത്രം ഉപയോഗിച്ച്.
നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് പരസഹായമില്ലാതെ എഴുന്നേൽക്കാന്‍പോലും കഴിയാത്ത ടുട്ടുമോന് ഒരു പെന്‍സില്‍ മാത്രം മതി, നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം റെഡി. കെ.എസ്. ചിത്ര, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്, സലിംകുമാര്‍, കുഞ്ചാക്കോ ബോബന്, ജഗതി ശ്രീകുമാര്‍, വിനായകന്, ഫഹദ് ഫാസില്‍, തിലകന്, പൃഥ്വിരാജ്, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, ജയസൂര്യ, ജയറാം, കാവ്യമാധവന്, പ്രേംനസീര്‍ തുടങ്ങി പഴയതും പുതിയതുമായ ഒട്ടനവധി സിനിമ താരങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്, രാഹുല്‍ ഗാന്ധി, എം.എം. മണി തുടങ്ങിയ രാഷ്ട്രീയക്കാരെയും വരച്ച്് കവറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. വേദന കടിച്ചമർത്തി കിടക്കയില്‍ കിടന്നും ചരിഞ്ഞിരുന്നും ഇൗ 32കാരൻ വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തും.
പത്താംക്ലാസ് വരെ മാത്രം പഠിച്ച ടുട്ടുമോന് ചെറുപ്പം മുതൽ ചിത്രരചനയോട് കമ്പമുണ്ടായിരുന്നു. തൂക്കുപാലം -പുത്തരിക്കണ്ടം ബ്ലോക്ക് നമ്പര്‍ 479ല്‍ എം.ഡി. അച്ചന്‍കുഞ്ഞ്-ഇന്ദിര ദമ്പതികളുടെ മകനാണ്. നീനുവാണ് സഹോദരി. ഏഴുവര്‍ഷം മുമ്പ് കുമളിയില്‍ പെയിൻറിങ് ജോലിചെയ്യുന്നതിനിടെ ബഹുനില കെട്ടിടത്തിെൻറ നാലാം നിലയില്‍നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പിതാവ് കൂലിപ്പണിക്ക് പോയി കിട്ടുന്നതില്നിന്നാണ് ചികിത്സ. എല്ലാ വേദനകളെയും മറക്കാൻ വീൽചെയറിലിരുന്ന് ടുട്ടുമോൻ ചിത്രം വര തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.