നെടുങ്കണ്ടം: പ്രകൃതിയുടെ വശ്യസൗന്ദര്യവും കുളിര്‍ക്കാറ്റും കാറ്റാടിപ്പാടങ്ങളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന രാമക്കല്‍മേട്ടില്‍നിന്ന് വിമാനത്തില്‍ പറക്കാനുള്ള മോഹം ഇനിയെങ്കിലും സാധ്യമാകുമോ എന്ന ചോദ്യമാണ് സഞ്ചാരികള്‍ ഉയര്‍ത്തുന്നത്.
പരിസ്ഥിതി സൗഹാര്‍ദ ചെറുകിട വിമാനത്താവളം (എയര്‍സ്ട്രിപ്) ആരംഭിക്കാന്‍ പഠനം നടത്തി ആറര വര്‍ഷമായിട്ടും പ്രാരംഭ നടപടിപോലും തുടങ്ങിയിട്ടില്ല. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷന്‍ ടൂറിസം ആരംഭിക്കാന്‍ നടപടി ആരംഭിച്ചതിന്റെ ഭാഗമായാണ് രാമക്കല്‍മേട്ടില്‍ സാധ്യതപഠനം നടത്തിയത്.
ചെന്നൈ ആസ്ഥാനമായ കനേഡിയന്‍ കമ്പനിയുടെ വിദഗ്ധസംഘമാണ് പഠനം നടത്തിയത്. പ്രോജക്ട് തയാറാക്കാൻ വിമാനക്കമ്പനിയുടെ പ്രതിനിധി രാമക്കല്‍മേട്ടിലെത്തി സ്ഥലം പരിശോധിച്ചു. വിമാനമിറങ്ങാൻ 250 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള സ്ഥലമാണ് ആവശ്യം. അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് ഇതിനുപയോഗിക്കുക. കൂടുതല്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ പരിസ്ഥിതിക്ക് കോട്ടംവരുത്താതെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ടി.പി.സി സിവില്‍ ഏവിയേഷന്‍ കമ്പനിക്ക് പദ്ധതിയുടെ രൂപരേഖയും കൈമാറിയതായാണ് അറിവ്.
ചെറുവിമാനങ്ങള്‍ ഇറങ്ങാൻ അനുയോജ്യമായ സ്ഥലം രാമക്കല്‍മേട്ടിൽ ഉള്ളതായിട്ടായിരുന്നു സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സാധ്യത പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി വേഗത്തില്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാനായിരുന്നു ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അന്നത്തെ നീക്കം. എന്നാല്‍, പദ്ധതി രാമക്കല്‍മേട്ടിലെ കാറ്റിന്റെ വേഗത്തില്‍ പറന്നകന്നതായാണ് രാമക്കല്മേടുകാരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.